കൊച്ചി: പോപ്പുലര്‍ ഫ്രണ്ട്  ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഹര്‍ത്താല്‍ നിയമവിരുദ്ധമാണ്. സ്വകാര്യസ്വത്തും പൊതുസ്വത്തും നശിപ്പിച്ചാല്‍ പ്രത്യേകം കേസുകള്‍ എടുക്കണം. ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിക്കുവാനും ഉത്തരവിലുണ്ട്. 

ഹര്‍ത്താലിനെതിരെ അടിയന്തരമായി സ്വമേധയാ കേസെടുത്താണ് ഹൈക്കോടതി പ്രാഥമിക വാദം പൂര്‍ത്തീകരിച്ചത്. മിന്നല്‍ ഹര്‍ത്താല്‍ അംഗീകരിക്കാന്‍ കഴിയില്ല. അത് നിയമവിരുദ്ധമാണ്. ജനങ്ങളെ ബന്ദിയാക്കുന്നതാണ് ഹര്‍ത്താല്‍. ഇത് നേരത്തെയുള്ള ഹൈക്കോടതി ഉത്തവിന് വിരുദ്ധമായിട്ടുള്ള ഹര്‍ത്താല്‍ പ്രഖ്യാപനമാണ് നടന്നിരിക്കുന്നതെന്നും കോടതി ചൂണ്ടികാണിച്ചു.

2019 ജനുവരി ഏഴിനാണ് ഹൈക്കോടതി മിന്നൽ ഹർത്താലുകൾക്ക് പൂട്ടിട്ടത്. ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ശബരിമലയിലെ യുവതി പ്രവേശനത്തിൽ പ്രതിഷേധിച്ച് 2019 ജനുവരി മൂന്നിന് സംസ്ഥാന വ്യാപകമായി ബന്ദിന് ശബരിമല കർമ്മ സമിതി ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ഉത്തരവ് വന്നത്. മിന്നൽ ഹർത്താലുകൾ ജനജീവിതവും സാമ്പത്തിക സ്ഥിതിയും തകർക്കുകയാണെന്ന് വിലയിരുത്തിയാണ് ഉത്തരവ്.