കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് സ്ഥിരീകരിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. എന്നാൽ താൻ ഒരിക്കലും രാജസ്ഥാനിൽ നിന്ന് മാറിനിൽക്കില്ലെന്നും സംസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും അശോക് ഗെഹ്‌ലോട്ട് വ്യക്തമാക്കി. എല്ലാം ഭാവിയെ ആശ്രയിച്ചിരിക്കുന്നുവെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു. 

‘ഞാൻ പ്രത്യേകിച്ച് ആരോടും അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നില്ല. രാജസ്ഥാനിൽ എന്ത് സാഹചര്യമാണ് സംഭവിക്കുന്നത്, കോൺഗ്രസ് ഹൈക്കമാൻഡ് എന്ത് തീരുമാനമാണ് എടുക്കുന്നത്, രാജസ്ഥാൻ എംഎൽഎമാർ എന്താണ് ചിന്തിക്കുന്നത്, ഇതെല്ലാം നോക്കിക്കാണേണ്ടവയാണ് ”കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കവെ അശോക് ഗെലോട്ട് പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് അശോക് ഗെഹ്ലോട്ട് സ്ഥിരീകരിച്ചതോടെ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള മത്സരം ചൂടുപിടിച്ചിരിക്കുകയാണ്.  അതേസമയം എംപി ശശി തരൂരിനും കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ സോണിയാ ഗാന്ധിയുടെ പച്ചക്കൊടി കാണിച്ചെന്നാണ് വിവരം.

രാഹുൽ ഗാന്ധി കോൺഗ്രസിന്റെ കടിഞ്ഞാൺ ഏറ്റെടുക്കണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്. ഇതിനോടകം ഏഴ് സംസ്ഥാനങ്ങൾ ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയിരുന്നു. കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് പത്രിക സമർപ്പിക്കുന്ന നടപടി ക്രമങ്ങൾ സെപ്റ്റംബർ 24 മുതൽ 30 വരെയാണ് നടക്കുക. 
നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഒക്ടോബർ ഒന്നിനാണ്. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ 8 ആണ്.