മുംബൈ: കാമുകന്‍റെ ഭാര്യയെ ക്വട്ടേഷൻ കൊടുത്ത് കൊന്ന കേസിൽ 24കാരിയായ അധ്യാപിക അറസ്റ്റിൽ. 29കാരിയായ ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് പ്രിയങ്ക റാവത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് നികിത മത്കർ എന്ന സ്വകാര്യ ട്യൂഷൻ സെന്‍റർ അധ്യാപിക അറസ്റ്റിലായത്. പാൻവേൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് കഴിഞ്ഞയാഴ്ചയായിരുന്നു കൊലപാതകം. ഇന്‍റർനെറ്റിലൂടെ വാടക കൊലയാളികളെ തെരഞ്ഞായിരുന്നു നികിത കൊലപാതകം ആസൂത്രണം ചെയ്തത്.

കൊലപാതകവുമായി ബന്ധപ്പെട്ട് പ്രിയങ്കയുടെ ഭർത്താവ് ദേവവ്രത് സിങ് റാവത്ത് ഉൾപ്പെടെ ആറ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ കണ്ടെത്തിയ ക്വട്ടേഷൻ സംഘത്തിനു മൂന്നുലക്ഷം രൂപ നൽകാമെന്ന് ഉറപ്പിച്ചാണ് നികിത പ്രിയങ്കയെ കൊലപ്പെടുത്തിയത്. സെപ്റ്റംബർ 15ന് രാത്രി 10 മണിയോടെയാണ് സംഘം പ്രിയങ്കയെ കഴുത്തറുത്ത് കൊല്ലുന്നത്.

നികിതയ്ക്കും ദേവവ്രതിനും പുറമെ, നികിത ജോലി ചെയ്യുന്ന ട്യൂഷൻ സെന്‍ററിന്‍റെ നടത്തിപ്പുകാരൻ പ്രവീൺ ഘഡ്ഗെ, വാടക കൊലയാളികളായ പങ്കജ് നരേന്ദ്ര കുമാർ യാദവ്, ദീപക് ദിൻകർ ചോഖണ്ഡെ, റാവത്ത് രാജു സോനോൺ എന്നിവരും അറസ്റ്റിലായി. കഴിഞ്ഞ രണ്ടു മാസത്തോളം ഇന്‍റർനെറ്റിൽ തിരഞ്ഞാണ് നികിത ക്വട്ടേഷൻ സംഘത്തെ നികിത കണ്ടെത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഗൂഗിളിലായിരുന്നു ആദ്യം തിരഞ്ഞത് ഇവിടെ നിന്ന് ആരെയും കണ്ടെത്താൻ കഴിയാതെ വന്നതോടെ ഫേസ്ബുക്കിലും തിരഞ്ഞു. ഇങ്ങനെയാണ് ക്വട്ടേഷൻ സംഘത്തെ കണ്ടെത്തുന്നത്.