വാഷിങ്ടൺ: കടയിലേക്ക് കയറി വന്നയാൾക്ക് വാതിൽ തുറന്നുകൊടുത്തിട്ടും നന്ദി പറഞ്ഞില്ലെന്ന് ആരോപിച്ചുണ്ടായ തർക്കത്തിൽ 37 കാരൻ കുത്തേറ്റ് മരിച്ചു. ന്യൂ​യോർക്ക് പാർക്ക് സ്‌ലോപ്പിലെ ഫോർത്ത് അവന്യൂവിലെ പാർക്ക് സ്‌ലോപ്പ് കൺവീനിയൻസിലുള്ള സ്മോക്ക് ഷാപ്പിൽ ചൊവ്വാഴ്ച രാത്രി 10.20 ഓടെയാണ് സംഭവം.

ഷോപ്പിലേക്ക് കയറിവന്നയാൾക്ക് കടയിലുണ്ടായിരുന്ന അപരിചിതനായ ഒരാൾ വാതിൽ തുറന്നു കൊടുത്തു. എന്നാൽ കയറി വന്നയാൾ അതിന് നന്ദി പറഞ്ഞില്ല. അത് ചോദ്യം ചെയ്തതോടെ ഇരുവരും തമ്മിൽ തർക്കമായി. തർക്കം രുക്ഷമായ​തോടെ കടയിലേക്ക് കയറി വന്നയാൾ കത്തിയെടുത്ത് വാതിൽ തുറന്നു കൊടുത്തയാളെ കുത്തുകയായിരുന്നു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റയാൾ കൊല്ലപ്പെട്ടു.

ഒരു നന്ദി പറഞ്ഞില്ലെന്നതാണ് കൊലപാതകത്തിനിടയാക്കിയതെന്ന് ദൃക്സാക്ഷി എ.ബി.സി ന്യൂസിനോട് പറഞ്ഞു. ​വാതിൽ തുറന്നതിന് താൻ നന്ദി പറയാത്തതെന്താണെന്ന് കുത്തേറ്റയാൾ അക്രമിയോട് ചോദിച്ചിരുന്നു. എനിക്ക് വാതിൽ തുറന്നുതരാൻ തന്നോട് ആവശ്യപ്പെട്ടില്ലല്ലോ എന്ന് മറ്റേയാളും പറഞ്ഞു. ഇതാണ് തർക്കത്തിലും ഒടുവിൽ കത്തിക്കുത്തിലും കലാശിച്ചത്.

തർക്കം രൂക്ഷമായപ്പോൾ വാതിൽ തുറന്നുകൊടുത്തയാൾ പ്രതിയോട് ധൈര്യമുണ്ടെങ്കിൽ തന്നെ കുത്തിക്കൊല്ലെന്ന് വെല്ലുവിളിക്കുകയും മറ്റേയാൾ ഉടൻ തന്റെ വാഹനത്തിൽ നിന്ന് കത്തിയെടുത്ത് ഇയാളുടെ വയറ്റിലും കഴുത്തിലും കുത്തുകയുമായിരുന്നു.

എനിക്ക് കുത്തേറ്റുവെന്ന് നിലവിളിച്ചുകൊണ്ട് അദ്ദേഹം വീണുവെന്നും ദൃക്സാക്ഷി പറയുന്നു. താൻ അവരെ ശാന്തരാക്കാൻ ശ്രമിച്ചുവെങ്കിലും ആരും അത് ചെവിക്കൊണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുത്തേറ്റയാളെ ന്യൂയോർക്ക് പ്രെസ്ബിറ്റീരിയൻ ബ്രൂക്ലിൻ മെത്തഡിസ്റ്റ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചു. സംഭവത്തിൽ ഇതുവരെ അറസ്റ്റുകളൊന്നും ഉണ്ടായിട്ടില്ല.