കോഴിക്കോട്: കേരളമടക്കം13 സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ നടത്തിയ റെയ്ഡിനെ ന്യായീകരിച്ച് ബിജെപി സംസ്ഥാന നേതൃത്വം. നടന്ന റെയ്ഡ്ഡിൽ ഒരുതരത്തിലും രാഷ്ട്രീയമില്ലെന്നും എൻഐഎ നടത്തുന്നത് നിയമപരമായ കാര്യങ്ങളാണെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

അതേസമയം, എന്‍ഐഎ കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയച്ചില്ലെങ്കില്‍ നാളെ ഹര്‍ത്താല്‍ നടത്തുമെന്ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍ രംഗത്തെത്തി. പോപ്പുലര്‍ ഫ്രണ്ടിനെ തകര്‍ക്കുകയെന്ന ആര്‍എസ്എസ് അജന്‍ഡയാണ്‌ ഇപ്പോൾ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നത്. സംഘടനയെ നിരോധിക്കാനാണ് ലക്ഷ്യമെങ്കില്‍ തിരിച്ചടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

രണ്ടാം മോദി സര്‍ക്കാര്‍ വന്നതിന് ശേഷം വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അതിന്റെ നേതാക്കന്‍മാരെയും പ്രവര്‍ത്തകരെയും വേട്ടയാടി ഇല്ലാതാക്കുകയെന്ന നടപടിയാണ് രാജ്യത്ത് നടക്കുന്നത്. അത് നടപ്പാക്കുന്ന പണിയാണ് കേന്ദ്രഏജന്‍സി ചെയ്തു കൊണ്ടിരിക്കുന്നത്. നേതാക്കന്‍മാരെ വിട്ടുകിട്ടിയില്ലെങ്കില്‍ നാളെ ഹര്‍ത്താല്‍ ഉള്‍പ്പടെ ശക്തമായ പ്രതിഷേധം തുടരുമെന്നും സത്താര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.