തിരുവനന്തപുരം: അച്ഛനേയും മകളേയും മർദ്ദിച്ച സംഭവത്തിൽ കെഎസ്ആർടിസിക്ക് തിരിച്ചടികൾ ആരംഭിച്ചുവെന്നുള്ള സൂചനകൾ പുറത്തു വരികയാണ്. കെഎസ്ആർടിസിക്ക് ലക്ഷങ്ങളുടെ പരസ്യം നൽകിയിരുന്ന ജൂവലറി ഗ്രൂപ്പ് കമ്പനിയുമായുള്ള എഗ്രിമെൻ്റിൽ നിന്നും പിൻവാങ്ങി. മധ്യകേരളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അച്ചായൻസ് ഗോൾഡാണ് കെഎസ്ആർടിസിയുമായുള്ള എഗ്രിമെൻ്റിൽ നിന്നും പിൻവാങ്ങിയത്. മനുഷ്യത്വ രഹിതമായി പെരുമാറിയ കെഎസ്ആർടിസിക്ക് ഇനി പരസ്യം നൽകുന്നില്ലെന്നും അവരുമായി ഇനിമുതൽ യാതൊരു ബന്ധവും സൂക്ഷിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അച്ചായൻസ് ഗോൾഡിൻ്റെ മാനേജർ ഷിനിൽ കുര്യൻ  വ്യക്തമാക്കി. 

20 ബസുകളിൽ പരസ്യം പതിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിമാസം 180,000 രൂപയാണ് അച്ചായൻസ് ഗ്രൂപ്പ് കെഎസ്ആർടിസിക്ക് നൽകി വന്നത്. കഴിഞ്ഞ ആറുമാസമായി ഇത് തുടരുന്നു. ആറുമാസത്തെ കരാർ പുതുക്കേണ്ട സമയം ഇപ്പോഴായിരുന്നു. ഈ പ്രശ്നം ശ്രദ്ധയിൽപ്പെട്ടതോടെ കരാർ ഇനി പുതുക്കേണ്ട എന്നു തീരുമാനിക്കുകയായിരുന്നു. കെഎസ്ആർടിസി നന്നാകുന്ന സൂചനകൾ ലഭിച്ചു തുടങ്ങിയാൽ പരസ്യം നൽകുന്ന കാര്യം വീണ്ടും ആലോചിക്കാമെന്നും ഷിനിൽ കുര്യൻ വ്യക്തമാക്കി. 

മനസ്സിനെ നോവിക്കുന്ന വീഡിയോ കണ്ടതോടെയാണ് ജൂവലറിയുടെ ഭാഗത്തുനിന്നും കെഎസ്ആർടിസിയെ ഒഴിവാക്കുന്ന തീരുമാനം എത്തിയത്. ജനങ്ങൾക്കൊപ്പം നിൽക്കുക എന്നുള്ളതാണ് അച്ചായൻസിൻ്റെ രീതി. അത് ഇനി അങ്ങനെതന്നെ മുന്നോട്ടുപോകുമെന്നും ഷിനിൽ പറഞ്ഞു. ജനങ്ങൾക്ക് എതിരാകുന്ന യാതൊന്നുമായും അച്ചായൻസ് കൂട്ടുകൂടാൻ ആഗ്രഹിക്കുന്നില്ലെന്നും ഷിനിൽ വ്യക്തമാക്കി. 

മാത്രമല്ല കെഎസ്ആർടിസിക്ക് നൽകിവന്ന തുകയുടെ ഒരു ഭാഗം ജീവനക്കാരുടെ മർദ്ദനമേറ്റ പെൺകുട്ടിയുടെ കുടുംബത്തിനു നൽകുവാനും ജൂവലറി ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്. നാലുവർഷത്തെ യാത്ര സൗകര്യത്തിനുള്ള തുക എന്ന നിലയിലാണ് ഇതു നൽകുന്നത്. അച്ചായൻസ് ഗ്രൂപ്പിൻ്റെ മാനേജിംഗ് ഡയറക്ടർ ടോണി വർക്കിച്ചൻ തുക ഇന്ന് കുട്ടിയുടെ വീട്ടിലെത്തി കെെമാറുമെന്നും ഷിനിൽ കുര്യൻ അറിയിച്ചു. 

അതേസമയം കാട്ടാക്കട ആക്രമണത്തിൽ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തിരുന്നു.  സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് കൂടി ചുമത്തിയാണ് കേസെടുത്തത്. മർദ്ദനത്തിന് ഇരയായ രേഷ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസിൻ്റെ നടപടി. നേരത്തെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരുന്നത്. അതിനെതിരെ വിമർശനം ഉയർന്നതോടെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാൻ പൊലീസ് തയ്യാറായത്.