ചിക്കാഗോ രൂപതയുടെ രണ്ടാമത്തെ മെത്രാനായ ബിഷപ്പ് മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണ തിരുകർമ്മങ്ങൾ ഒക്ടോബർ ഒന്നാംതിയതി ശനിയാഴ്ച രാവിലെ ആരംഭിക്കും . 9.00ന് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുൾപ്പെടെയുള്ള ബിഷപ്പുമാരും സഹകാർമികരായ വൈദികരും അൾത്താര ശുശ്രൂഷികളും മാർത്തോമാ ശ്ലീഹാ കത്തീഡ്രലിന്റെ പാരിഷ് ഹാളിൽ നിന്ന് തിരുവസ്ത്രങ്ങളിഞ്ഞ് പ്രദക്ഷിണമായി ദേവാലയത്തിലേക്ക് പ്രവേശിക്കും .

പാരിഷ് ഹാളിൽ നിന്ന് കുരിശിൻ തൊട്ടി ചുറ്റി ദേവാലയത്തിലേക്ക് പ്രവേശിക്കുന്ന പ്രദക്ഷിണത്തിൽ 16-ൽപരം ബിഷപ്പുമാരും നുറിലധികം വൈദികരും പങ്കെടുക്കും. ഭക്തി നിർഭരമായ ഈ ചരിത്ര മുഹുർത്തത്തിന് മാറ്റുകൂട്ടുവാൻ ഇരുവശങ്ങളിലുമായി സി.സി.ഡി.വിദ്യാത്ഥികൾ പേപ്പൽ പതാക വീശി പ്രാർത്ഥനയുടെ അരൂപിയിൽ അണി നിരക്കും. ഈ സമയത്ത് ബഹുമാനപ്പെട്ട സന്യാസിനികളും അൽമായരും ദേവാലയത്തിനകത്ത് ക്രമികരിച്ചിരിക്കുന്ന സ്ഥലത്ത് ഇരിക്കേണ്ടതാണ് .

ദേവാലയത്തിൽ പ്രദക്ഷിണം പ്രവേശിച്ചതിനു ശേഷം 9.30 ന് പരിശുദ്ധമായ തിരുകർമ്മങ്ങൾ ആരംഭിക്കും . തിരുകർമ്മങ്ങൾക്ക് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി നേതൃത്വം നൽകും .ഈ വിശുദ്ധ ചടങ്ങുകൾ ശാലോം ടി.വി. ലോകമെങ്ങും തൽസമയം സംപ്രേഷണം ചെയ്യുന്നതായിരിക്കും.

വി.കുർബാനയ്ക്ക് ശേഷം 12 മണിമുതൽ 1 മണി വരെ അൽമായർക്ക് ദേവാലയത്തിന് പുറത്ത് സജ്ജമാക്കിയിരിക്കുന്ന പന്തലിൽ ഉച്ചഭക്ഷണം നൽകുന്നതായിരിക്കും. തദവസരത്തിൽ അൽഫോൺസാ ഹാളിൽ ബിഷപ്പുമാർക്കും വിശിഷ്ട വ്യക്തികൾക്കും, വൈദികർക്കും, സന്യാസിനികൾക്കും ഉച്ച ഭക്ഷണം നൽകുന്നതായിരിക്കും. ഉച്ച ഭക്ഷണത്തിനുശേഷം ഒന്നരമണി മുതൽ മൂന്ന് മണി വരെ പൊതുയോഗവും ഉണ്ടായിരിക്കുന്നതാണ്.

ഈ പുണ്യനിമിഷങ്ങൾക്ക് സാക്ഷികളാകുവാൻ എത്തിചേരുന്ന എല്ലാവരെയും സ്വീകരിക്കാൻ ചിക്കാഗോ സീറോ മലബാർ സമുഹം വിവിധ കമ്മറ്റികൾ രൂപികരിച്ച് ഒരേ മനസോടെ പ്രാർത്ഥനയോടെ അരൂപിയിൽ പ്രവർത്തിച്ചു വരുന്നു.

ജനറൽ കൺവീനർമാരായ തോമസ് കടുകപ്പിള്ളിയച്ചനും, തോമസ് മുളവനാലച്ചനും എല്ലാ കമ്മറ്റികൾക്കും വേണ്ട നിർദേശങ്ങൾ നൽകിക്കൊണ്ട് പ്രാർത്ഥനയോടെ അക്ഷീണം പ്രയത്നിക്കുന്നു. എല്ലാ കമ്മറ്റികളെയും എകോപിച്ച് നേതൃത്വം കൊടുക്കുകയാണ് ജനറൽ കോഡിനേറ്റർ ആയ ജോസ് ചാമക്കാലായും യൂത്ത് കോഡിനേറ്റർമരായ ബ്രയൻ കുഞ്ചെറിയായും, ഡീന പുത്തൻപുരക്കലും.

ഏകമനസോടെ സ്ഥാനാരോഹണ ചടങ്ങിന്റെ വിജയത്തിനായി , പ്രത്യേക നിയോഗ പ്രാത്ഥനയോടെ, സീറോ മലബാർ സമൂഹം ദൈവസന്നിധിയിൽ കൈകൾ കൂപ്പി പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്നു.

ജോർജുകുട്ടി അമ്പാട്ട്