ജനപ്രിയ സ്റ്റാന്‍ഡ് അപ് കോമഡി ആര്‍ട്ടിസ്റ്റ് രാജു ശ്രീവാസ്തവ(58) അന്തരിച്ചു. അസുഖബാധിതനായി ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ഓഗസ്റ്റ് 10ന് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജിമ്മില്‍ വ്യായാമത്തിനിടെയായിരുന്നു സംഭവം.

ഉടന്‍തന്നെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററില്‍ ഐസിയുവിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും വീണ്ടും ഗുരുതരമാകുകയായിരുന്നു.

ആശുപത്രിയിലെത്തി 15 ദിവസത്തിനു ശേഷം ബോധം വന്നിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ 1ന് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വീണ്ടും വെന്റിലേറ്ററിലേക്കു മാറ്റി.

ദി ഗ്രേറ്റ് ഇന്ത്യന്‍ ലാഫര്‍ ചലഞ്ച്, കോമഡി സര്‍ക്കസ്, ദി കപില്‍ ശര്‍മ ഷോ, ശക്തിമാന്‍ തുടങ്ങിയ നിരവധി കോമഡി ഷോകളുടെ ഭാഗമായിരുന്നു രാജു ശ്രീവാസ്തവ. മൈനേ പ്യാര്‍ കിയ, തേസാബ്, ബാസിഗര്‍ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചു.