തൃശൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് പറമ്പിക്കുളം റിസര്‍വോയറിന്‍റെ ഒരു ഷട്ടര്‍ താനേ തുറന്നു. ഡാമിന്‍റെ മൂന്നുഷട്ടറുകളിലൊന്നാണ് തനിയെ തുറന്നത്. ഡാമിന്‍റെ മൂന്ന് ഷട്ടറുകളും 10 സെന്‍റിമീറ്റർ വീതം തുറന്ന് വെള്ളം ഒഴുക്കിക്കളയുന്നുണ്ടായിരുന്നു. അതിനിടയ്ക്കാണ് നടുവിലത്തെ ഷട്ടർ താനേ തുറന്ന് പോയത്. പുറത്തേക്കൊഴുകുന്ന വെള്ളം ആദ്യം പെരിങ്ങല്‍ക്കുത്ത് ഡാമിലും തുടര്‍ന്ന് ചാലക്കുടിപ്പുഴയിലേക്കുമാണ് എത്തുക. ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് 4.5 മീറ്റര്‍ വരെ ഉയരുമെന്നതിനാൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ബുധനാഴ്ച പുലർച്ചെ രണ്ടു മണി മുതല്‍ 20,000 ക്യുസെക്‌സ് വെള്ളമാണ് പെരിങ്ങല്‍ക്കുത്ത് ഡാമിലേക്ക് ഒഴുകി എത്തിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി പെരിങ്ങല്‍ക്കുത്തിന്‍റെ എല്ലാ ഷട്ടറുകളും തുറന്നിട്ടുണ്ട്.

ചാലക്കുടി പുഴയിലേക്ക് 600 ക്യുമെക്‌സ് വെള്ളം തുറന്നുവിടുന്നതിനാല്‍ ചാലക്കുടി പുഴയിലെ ജലനിരപ്പ് മൂന്ന് മീറ്റര്‍ വരെ ഉയര്‍ന്ന് 4.5 മീറ്റര്‍ വരെ എത്താനിടയുണ്ട്. പരിഭ്രാന്തരാവേണ്ട ആവശ്യമില്ലെങ്കിലും പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

മീന്‍പിടിക്കാനോ കുളിക്കാനോ മറ്റോ പുഴയില്‍ ഇറങ്ങരുത്. ജലത്തിന്‍റെ ഒഴുക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഡിസ്ട്രിക്ട് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്‍റെര്‍ (ഡിഇഒസി) നിരീക്ഷിച്ചുവരികയാണ്.

പറമ്പിക്കുളം റിസര്‍വോയറിന്റെ ഒരു ഷട്ടര്‍ തകരാറിലായതിനെ തുടര്‍ന്ന് ഒഴുകിയെത്തുന്ന ജലം കാരണം പെരിങ്ങല്‍ക്കുത്തിലെ ജലനിരപ്പ് പരമാവധിയായ 421.5 മീറ്ററില്‍ എത്തിനില്‍ക്കുകയാണ്. ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി നിലവില്‍ പൂര്‍ണമായി തുറന്നിരിക്കുന്ന ആറ് ഷട്ടറുകള്‍ക്കു പുറമെ, രാവിലെ ഏഴിനും ഒന്‍പതിനും ഇടയില്‍ രണ്ട് സ്ലൂയിസ് ഗേറ്റുകള്‍ കൂടി തുറക്കും.