ബംഗളൂരു: ഭരണകക്ഷിയായ ബിജെപിക്കെതിരായ പോരാട്ടം ശക്തമാക്കി കര്‍ണാടക കോണ്‍ഗ്രസ്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മുഖചിത്രവും ക്യുആര്‍ കോഡുമുള്ള ”പേ സിഎം” എന്ന പോസ്റ്ററുകളാണ് കോണ്‍ഗ്രസ് ബംഗളൂരുവിലുടനീളം പതിച്ചിരിക്കുന്നത്.

ക്യുആര്‍ കോഡ് സകാന്‍ ചെയ്താല്‍, സര്‍ക്കാര്‍ അഴിമതിക്കെതിരെ പരാതി നല്‍കുന്നതിനായി കോണ്‍ഗ്രസ് ആരംഭിച്ച ’40 ശതമാനം സര്‍ക്കാര്‍’ വെബ്സൈറ്റിലേക്ക് പോകും. ബി.ജെ.പി ഭരണത്തില്‍ 40 ശതമാനം കമ്മീഷന്‍ നിരക്ക് എങ്ങനെയാണ് സാധാരണമായി മാറിയതെന്ന് വ്യക്തമാക്കുന്നതിനാണ് ഇത്തരത്തില്‍ പോസ്റ്ററുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

അഴിമതി ആരോപണങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ ലക്ഷ്യമിട്ടുള്ള പ്രചാരണത്തിന് കോണ്‍ഗ്രസ് കഴിഞ്ഞയാഴ്ച്ച തുടക്കമിട്ടിരുന്നു. 40percentsarkara.com.എന്ന വെബ്സൈറ്റില്‍ അഴിമതി റിപ്പോര്‍ട്ട് ചെയ്യാനും പരാതികള്‍ രജിസ്റ്റര്‍ ചെയ്യാനും പാര്‍ട്ടി കര്‍ണാടകയിലെ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ, കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ സംസ്ഥാന ഭരണത്തെ ‘കൊള്ളക്കാരും അഴിമതിക്കാരും’ നിറഞ്ഞ ’40 ശതമാനം സര്‍ക്കാര്‍’ എന്ന് വിളിച്ചിരുന്നു. അഴിമതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലുളള സര്‍ക്കാരിന്റെ മൗനം ഇനുയും ചോദ്യം ചെയ്യുമെന്നും കോണ്‍ഗ്രസ് പറഞ്ഞു.