ന്യൂയോര്‍ക്ക്: യുദ്ധത്തെ കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന ശരിവെച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനോട് മോദി പറഞ്ഞത് ശരിയായിരുന്നു. ഇത് പാശ്ചാത്യരോടുള്ള പ്രതികാരത്തിനോ കിഴക്കിനെതിരെ പാശ്ചാത്യരെ എതിര്‍ക്കാനോ അല്ല. നമ്മുടെ പരമാധികാര തുല്യ രാജ്യങ്ങള്‍ക്ക് വേണ്ടി നാം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ ഒരുമിച്ച് നേരിടാനാണിതെന്നും മാക്രോണ്‍ പറഞ്ഞു. യുഎന്‍ ജനറല്‍ അസംബ്ലിയുടെ (യുഎന്‍ജിഎ) 77-ാമത് സെഷനില്‍ ലോക നേതാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

വടക്കും തെക്കും തമ്മില്‍ ഒരു പുതിയ കരാര്‍ വികസിപ്പിക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണ്. അത് ഭക്ഷണത്തിനും ജൈവവൈവിധ്യത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള ഒരു ഫലപ്രദമായ കരാറാകും. റഷ്യ ഇന്ന് ഇരട്ടത്താപ്പ് ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നു, എന്നാല്‍ ഉക്രെയ്‌നിലെ യുദ്ധം ആരെയും നിസ്സംഗരാക്കുന്ന ഒരു സംഘട്ടനമാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്സിഒ) ഉച്ചകോടിക്കിടെയാണ് പ്രധാനമന്ത്രി മോദി പുടിനെ കണ്ടത്. ഇന്നത്തെ യുഗം യുദ്ധമല്ലെന്നായിരുന്നു മോദിയുടെ പ്രസ്താവന. താന്‍ പുടിനുമായി ഫോണില്‍ സംസാരിച്ചതായും ജനാധിപത്യം, നയതന്ത്രം, ചര്‍ച്ച എന്നിവ ലോകത്തെ സ്വാധീനിക്കുന്ന കാര്യങ്ങളാണെന്നും പറഞ്ഞിരുന്നു. സെപ്റ്റംബര്‍ 16 ന് ഉസ്‌ബെക്കിസ്ഥാനിലെ സമര്‍ഖണ്ഡിലായിരുന്നു കൂടിക്കാഴ്ച.