എലിസബത്ത് രാജ്ഞിയുടെ ആഭരണശേഖരത്തെ കുറിച്ചുള്ള ചർച്ചകൾ പൊടിപൊടിക്കുകയാണ്. ആരായിരിക്കും ആ ആഭരണപ്പെട്ടിയുടെ താക്കോൽ ഇനി സൂക്ഷിക്കുക എന്നതാണ് ചർച്ചാവിഷയം. 

ഇതിന് കൃത്യമായ അധികാരക്രമമുണ്ടെന്ന് രാജഭരണവിഷയത്തിൽ വിദഗ്ദ്ധയായ കാറ്റി നിക്കോൾ വ്യക്തമാക്കുന്നു. എലിസബത്ത് രാജ്ഞിയുടെ മകനും നിലവിലെ ഭരണാധികാരിയുമായ ചാൾസിന്റെ ഭാര്യയായ കാമിലയ്ക്കാണ് പ്രഥമ പരിഗണന നൽകുക. അതിനുശേഷം വില്ല്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡിൽട്ടണേയാണ് പരിഗണിക്കുക. അതിനും താഴെയായിരിക്കും ഹാരി രാജകുമാരന്റെ ഭാര്യ മേഗൻ മാർക്കലിന്റെ സ്ഥാനം.

ബക്കിങ്ങാം കൊട്ടാരത്തിൽ രാജ്ഞിയുടെ ശേഖരത്തിലുള്ളത് ലോകത്തെ ഏറ്റവും വലിയ വജ്രങ്ങളിൽ നിന്ന് മുറിച്ചെടുത്ത ഒമ്പതു കല്ലുകളടക്കം അമൂല്യമായ ഒരു കൂട്ടം ആഭരണങ്ങളാണ്. മറ്റു രാജ്യങ്ങളിലെ ഭരണത്തലവൻമാർ നൽകിയ സമ്മാനങ്ങളും ഇതിൽ ഉൾപ്പെടും. സംസ്കാരച്ചടങ്ങിൽ വിവാഹമോതിരവും മുത്തു കൊണ്ടുള്ള ഒരു കമ്മലും മാത്രമാണ് രാജ്ഞിയുടെ ഭൗതികശരീരത്തിൽ അണിയിച്ചത്.

ലോകത്തെ ഏറ്റവും വലിയ അൺകട്ട് ഡയമണ്ട് എന്നറിയപ്പെടുന്ന കള്ളിനൻ, ഡയമണ്ട് ടിയാര, 365 രത്നങ്ങളും 18 റൂബികളും ഒമ്പതു വീതം എമറാൾഡും സഫയറുകളുംകൊണ്ട് പൊതിഞ്ഞ സോവെറിൻസ് ഓർബ്, രാജ്ഞി സ്ഥാനാരോഹണത്തിന് ധരിച്ച 160 കാരറ്റ് ഡയമണ്ട് നെക്ലേസ്, ഇന്ത്യയിലെ ആഭരണ നിർമാതാക്കൾ ക്വീൻ മേരിക്ക് സമ്മാനിച്ച ഡൽഹി ഡർബാർ നെക്ലേസ്, 1938-ൽ കാർട്ടിയർ നിർമിച്ച ഗ്രെവില്ലെ പിയർ-ഡ്രോപ് കമ്മലുകൾ, ക്വീൻ വിക്ടോറിയ ധരിച്ചിരുന്ന ഡയമണ്ടിന്റെ സ്റ്റഡുകൾ, കള്ളിനൻ ബ്രോച്ച്, ആൽബർട്ട് രാജകുമാരൻ ക്വീൻ വിക്ടോറിയക്ക് സമ്മാനിച്ച സഫയർ ബ്രോച്ച് , ക്വീൻ മേരി നൽകിയ ക്രേംബിജ് ലവേഴ്സ് നോട്ട് ടിയാര തുടങ്ങി അപൂർവവും വിലമതിക്കാനാകാത്തതുമായ ആഭരണശേഖരത്തിന് ഉടമയായിരുന്നു എലിസബത്ത് രാജ്ഞി.