തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാന്‍ തയാറെടുക്കുന്ന ശശി തരൂരിന് കേരളത്തിൽനിന്ന് കാര്യമായ പിന്തുണയില്ല. കേരളത്തിന്‍റെ പിന്തുണ രാഹുല്‍ ഗാന്ധിക്കും നെഹ്റു കുടുംബത്തിനുമാണെന്ന് മുതിർന്ന നേതാക്കള്‍ ഉൾപ്പെടെ പരസ്യമാക്കി. സ്വന്തം സംസ്ഥാനത്തെ ഈ സാഹചര്യം തരൂരിന് ധാർമികമായി തിരിച്ചടിയാണ്. രഹസ്യ ബാലറ്റിലൂടെയായിരിക്കും വോട്ടെടുപ്പ്. അതിനാൽ തരൂരിന് വോട്ട് നൽകാൻ ആരെങ്കിലും തയാറായാൽ പോലും അക്കാര്യം പരസ്യമായി പറയാൻ ആരും തയാറാകുമെന്ന് കരുതാനാകില്ല. 

നെഹ്റു കുടുംബത്തെ പിന്തുണക്കുന്ന കാര്യത്തിൽ സംസ്ഥാനത്തെ വിവിധ ഗ്രൂപ്പുകൾ ഒറ്റക്കെട്ടാണ്. രാഹുല്‍ പാർട്ടി പ്രസിഡന്‍റ് ആകണമെന്നത് കേരളത്തിന്‍റെ പൊതുവികാരമാണെന്ന് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചുകഴിഞ്ഞു. തരൂര്‍ മത്സരിക്കുന്നുണ്ടോയെന്ന് അദ്ദേഹം വ്യക്തമാക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ആര് മത്സരിച്ചാലും നെഹ്റു കുടുംബത്തിന്‍റെ പിന്തുണയുള്ളയാള്‍ അധ്യക്ഷനാകുമെന്ന് കെ. മുരളീധരനും വ്യക്തമാക്കി.

കൊടിക്കുന്നില്‍ സുരേഷും ഇതേ നിലപാട് പരസ്യമാക്കിയിട്ടുണ്ട്. തരൂര്‍ മത്സരിക്കുന്നതിനോട് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന് തുടക്കത്തില്‍ അത്ര വലിയ എതിര്‍പ്പുണ്ടായിരുന്നില്ല. മനഃസാക്ഷി വോട്ടിന് നിര്‍ദേശിക്കുമെന്ന് പറഞ്ഞിരുന്ന അദ്ദേഹവും ഇപ്പോള്‍ നിലപാട് മാറ്റി. പ്രതിപക്ഷ നേതാവ് ഉൾപ്പെടെ സംസ്ഥാനത്തെ മുൻനിര നേതാക്കളെല്ലാം ഒന്നുകിൽ രാഹുൽ, അല്ലെങ്കിൽ നെഹ്റു കുടുംബം പിന്തുണക്കുന്നയാൾ പാർട്ടി അധ്യക്ഷനാകണമെന്ന നിലപാടുകാരാണ്. 

സംസ്ഥാന കോണ്‍ഗ്രസിനെ അംഗീകരിക്കാതെ മുന്നോട്ടുപോകുന്ന തരൂരിനെ പിന്തുണച്ചിട്ട് എന്തുകാര്യമെന്ന ചോദ്യമാണ് പൊതുവിൽ ഉയരുന്നത്. പാർട്ടി അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി വരണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കാനുള്ള നീക്കത്തിലാണ് കെ.പി.സി.സി നേതൃത്വം. ഭാരത് ജോഡോ പദയാത്ര കേരളാതിർത്തി കടന്നശേഷം ഇതിനായി യോഗം ചേരും. അതിനിടെ, ഭാരത് ജോഡോ യാത്രക്ക് ഒരു ദിവസത്തെ ഇടവേളയെടുത്ത് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകൾക്ക് രാഹുല്‍ വെള്ളിയാഴ്ച ഡല്‍ഹിയിലെത്തും. പിറ്റേ ദിവസം മടങ്ങിയെത്തി യാത്ര പുനരാരംഭിക്കും. 

ചൊവ്വാഴ്ച രാവിലെ ഭാരത് ജോഡോ യാത്രയിൽ രാഹുലിനൊപ്പം നടക്കുന്നതിനിടെ, എ.ഐ.സി.സി ജന.സെക്രട്ടറി കെ.സി. വേണുഗോപാലിനെ സോണിയ ഗാന്ധി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. അദ്ദേഹം കൊച്ചിയിൽ നിന്ന് ഡൽഹിയിലെത്തി.