ഇസ്ലാമാബാദ്: 1500-ലധികം ആളുകളുടെ ജീവൻ അപഹരിച്ച പാകിസ്താനിലെ പ്രളയത്തിന്‍റെ ഭീകരത തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ട് പ്രാദേശിക മാധ്യമം. സിന്ധ് പ്രവിശ്യയിലെ ഹമീദ് മിർ പ്രദേശത്തെ സ്വകാര്യ ചാനലായ ജിയോ ടി.വിയുടെ മാധ്യമപ്രവർത്തകനാണ് വെള്ളപ്പൊക്കത്തിന്റെ ഭീകരത എത്രത്തോളമാണെന്ന് കാണിക്കുന്ന വിഡിയോ ട്വിറ്ററിലൂടെ പങ്ക് വെച്ചത്. ‘മുഖ്യമന്ത്രി സിന്ധ് മുറാദ് അലി ഷായുടെ നാട്ടിലെ വെള്ളപ്പൊക്കത്തിന്റെ തോത് നോക്കൂ. വൈദ്യുതക്കമ്പികളിൽ വെള്ളം തൊടുന്നു, എന്റെ ബോട്ട് മഞ്ചാർ തടാകത്തിലെ വെള്ളത്തിൽ മുങ്ങിയ നിരവധി വീടുകളുടെ മേൽക്കൂരയിൽ സ്പർശിച്ചു’ മാധ്യമ പ്രവർത്തകൻ ട്വീറ്റ് ചെയ്തു.

പാകിസ്താനിലെ ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എൻ.ഡി.എം.എ) റിപ്പോർട്ട് പ്രകാരം ഏറ്റവും പുതിയ മരണസംഖ്യ 1559 ആണ്. മൺസൂൺ മഴ മൂലമുണ്ടായ വെള്ളപ്പൊക്കത്തിൽ രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗവും വെള്ളത്തിനടിയിലായി. ചില പ്രദേശങ്ങളിൽ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ചില ഭാഗങ്ങളിൽ സ്ഥിതി ഗുരുതരമാണ്.എൻ.ഡി.എം.എയുടെ കണക്കനുസരിച്ച്, വെള്ളപ്പൊക്കത്തിൽ മരണങ്ങൾ കൂടാതെ 12,850 പേർക്ക് പരിക്കേറ്റു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15 പേർക്ക് ജീവനും നഷ്ടപ്പെട്ടു. പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ചത് സിന്ധ് പ്രവിശ്യയിലാണ്. ജൂൺ പകുതി മുതൽ മൊത്തം 1,979,485 വീടുകൾ വെള്ളം കയറി നശിച്ചു. 973,632 കന്നുകാലികളും ചത്തതായി കണക്കാക്കപ്പെടുന്നു. ഏകദേശം 16 ദശലക്ഷം കുട്ടികളെ പ്രളയം ബാധിച്ചെന്നും കുറഞ്ഞത് 3.4 ദശലക്ഷം പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഉടനടി ജീവൻ രക്ഷിക്കുന്ന പിന്തുണ ആവശ്യമാണെന്നും യുനിസെഫ് പ്രതിനിധി അബ്ദുല്ല ഫാദിൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കുറഞ്ഞത് 528 കുട്ടികളുടെ ജീവൻ പ്രളയം അപഹരിച്ചിട്ടുണ്ടെന്നാണ് കണക്ക്. പാമ്പുകളും തേളും കൊതുകും പ്രദേശങ്ങളിൽ ഭീഷണിയാണ്. നിരവധി കുടുംബങ്ങൾ ഉയർന്ന പ്രദേശങ്ങളിൽ അഭയം തേടിയിട്ടുമുണ്ട്.പോഷകാഹാരക്കുറവ്, വയറിളക്കം, ഡെങ്കിപ്പനി, വേദനാജനകമായ നിരവധി ത്വക്ക് രോഗങ്ങൾ എന്നിവയുമായി പൊരുതുകയാണ് പാക് ജനത. ജാപ്പനീസ് സർക്കാർ ഏഴ് മില്യൺ ഡോളർ കഴിഞ്ഞ ദിവസം പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ചിരുന്നു. വെള്ളപ്പൊക്കത്തിൽ വലയുന്ന ജനങ്ങൾക്കായി മൂന്ന് മില്യൺ ഡോളർ കനേഡിയൻ സർക്കാരും വാഗ്ദാനം ചെയ്തു.