ചണ്ഡിഗഡ്: അമിതമായി മദ്യപിച്ചതിന് വിമാനത്തില്‍ നിന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ ഇറക്കി വിട്ടെന്ന ആരോപണം വ്യോമയാന മന്ത്രാലയം അന്വേഷിക്കും. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ വെച്ച് ലുഫ്താന്‍സ എയര്‍ലൈന്‍സിന്റെ ഡല്‍ഹി വിമാനത്തില്‍ നിന്ന് ഭഗവന്ത് മാനെ ഇറക്കി വിട്ടെന്നായിരുന്നു ആരോപണം.

രാജ്യത്തിന് പുറത്ത് നടന്ന സംഭവമായതിനാല്‍ വസ്തുതകള്‍ പരിശോധിക്കുമെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ലുഫ്താന്‍സയാണ് വിവരങ്ങള്‍ നല്‍കേണ്ടത്. വിഷയം പരിശോധിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. സംഭവം വിവാദമായതോടെ വിശദീകരണവുമായി  ജര്‍മ്മന്‍ എയര്‍ലൈനായ ലുഫ്താന്‍സ രംഗത്തെത്തിയിരുന്നു. ‘ഇന്‍ബൗണ്ട് ഫ്‌ലൈറ്റ് വൈകിയതും വിമാനം മാറ്റിയതുമാണ്’ കാലതാമസത്തിന് കാരണമായതെന്നായിരുന്നു പ്രതികരണം.

ഭഗവന്ത്മാന്‍ മദ്യലഹരിയിലായിരുന്നുവെന്ന് ശിരോമണി അകാലിദളും പഞ്ചാബ് കോണ്‍ഗ്രസും ആരോപിച്ചിരുന്നു. മദ്യപിച്ച ഭഗവന്ത് മാനെ ഇറക്കിവിട്ടത് മൂലം വിമാനം നാല് മണിക്കൂര്‍ വൈകിയെന്ന് ശിരോമണി അകാലിദള്‍ നേതാവ് ബിക്രം സിങ് മജീദിയ ട്വീറ്റ് ചെയ്തു. ഇത് കാരണം ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ സമ്മേളനം അദ്ദേഹത്തിന് നഷ്ടമായെന്നും സംഭവം ലോകമെമ്പാടുമുള്ള പഞ്ചാബികള്‍ക്ക് നാണക്കേടാണെന്നം അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് ആം ആദ്മി പാര്‍ട്ടി (എഎപി) മുഖ്യ വക്താവ് മല്‍വിന്ദര്‍ സിംഗ് കാങ് പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താനാണ് എതിരാളികളുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.