സഹന്‍പൂര്‍: ഉത്തര്‍പ്രദേശിലെ സഹന്‍പൂരില്‍ കബഡി താരങ്ങള്‍ക്ക് ശുചിമുറിയില്‍ ഭക്ഷണം നല്‍കിയ സംഭവത്തില്‍ സ്പോര്‍ട്സ് ഓഫീസറെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. മൂന്ന് ദിവസത്തെ സംസ്ഥാനതല അണ്ടര്‍ 17 പെണ്‍കുട്ടികളുടെ കബഡി ടൂര്‍ണമെന്റില്‍ പങ്കെടുക്കാനെത്തിയ ഇരുന്നൂറോളം കായിക താരങ്ങള്‍ക്കാണ് ശുചിമുറിയുടെ തറയില്‍ വെച്ച് ഭക്ഷണം നല്‍കിയത്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് നടപടി. 

കബഡി താരങ്ങള്‍ക്ക് ഭക്ഷണം നല്‍കിയതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നത്തില്‍ ജില്ലാ സ്പോര്‍ട്സ് ഓഫീസര്‍ അനിമേഷ് സക്സേനയെ സസ്പെന്‍ഡ് ചെയ്തതായി സഹരന്‍പൂര്‍ ജില്ലാ മജിസ്ട്രേറ്റ് അഖിലേഷ് സിങ് റഞ്ഞു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം മഴയെത്തുടര്‍ന്നാണ് സ്വിമ്മിങ് പൂളിനോട് ചേര്‍ന്നുള്ള വസ്ത്രങ്ങള്‍ മാറുന്ന മുറിയില്‍ ഭക്ഷണ സാധനങ്ങള്‍ സൂക്ഷിച്ചിരുന്നതെന്നും സ്റ്റേഡിയത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് അവിടെ ഭക്ഷണം ഉണ്ടാക്കാനുളള ക്രമീകരണം ഏര്‍പ്പെടുത്തിയതെന്നും ജില്ലാ സ്പോര്‍ട്സ് ഓഫീസര്‍ അനിമേഷ് സക്സേന പറഞ്ഞു.