ന്യൂഡൽഹി: ഡൽഹിയിലെ മദ്യനയവുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി എംഎൽഎ ദുർഗേഷ് പതക്കിന് ഓഫീസിൽ വിളിച്ചുവരുത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ. മദ്യ കുംഭകോണക്കേസിൽ പ്രതി വിജയ് നായരുടെ മുംബൈയിലെ വസതിയിൽ റെയ്ഡ് നടത്തുന്നതിനിടെ എഎപി നേതാവ് ഉണ്ടായിരുന്നു. ഡിജിറ്റൽ തെളിവുകൾ കണ്ടെത്താനും വിജയ് നായരുമായുള്ള ബന്ധത്തെ കുറിച്ച് അറിയാനുമാണ് പഥക്കിനെ വിളിപ്പിച്ചിരിക്കുന്നത്. 

സംഭവത്തിൽ പ്രതികരണവുമായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എത്തിയിരുന്നു. ‘എഎപിയുടെ എംസിഡി തിരഞ്ഞെടുപ്പ് ചുമതലയുള്ള നേതാവ് ദുർഗേഷ് പഥക്കിന്റെ  ഇഡി ഇന്ന് വിളിച്ചുവരുത്തി. ഡൽഹി സർക്കാരിന്റെ മദ്യനയവുമായി നമ്മുടെ എംസിഡി തിരഞ്ഞെടുപ്പ് ചുമതലയുള്ളവർക്ക് എന്ത് ബന്ധമാണുള്ളത്? അവരുടെ ലക്ഷ്യം മദ്യനയമാണോ അതോ എംസിഡി തിരഞ്ഞെടുപ്പാണോ?’ മനീഷ് സിസോദിയ ചോദിച്ചു. 

ബിജെപിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി എഎപി നേതാക്കളുമെത്തിയിരുന്നു. ഡൽഹിയിലെ രജീന്ദർ നഗർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് ദുർഗേഷ് പഥക് ആണ്. കഴിഞ്ഞ വർഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി രാജേഷ് ഭാട്ടിയയെ 11,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.