തിനേഴ് വർഷം മകനെപ്പോലെ വളർത്തിയ ജാക്ക് എന്ന വളർത്തുനായയുടെ ഓർമകൾ പങ്കുവെച്ച് എഴുത്തുകാരി ലക്ഷ്മി രാജീവ്. സ്നേഹം എന്താണെന്ന് ചോദിച്ചാൽ അതൊരു പട്ടിയാണ് എന്നു മാത്രമാണ് തനിക്ക് പറയാനുള്ളതെന്നും അവനോളം തന്നെ സ്നേഹിച്ച ആരും ഉണ്ടായിട്ടില്ലെന്നും ലക്ഷ്മി ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

പത്തു ദിവസം പോലും പ്രായമില്ലാത്തപ്പോഴാണ് ജാക്ക് ലക്ഷ്മിയുടെ അടുത്തെത്തുന്നത്. മദ്രാസിലെ വിരസമായ ജീവിത്തിൽ ലക്ഷ്മിക്ക് കൂട്ടായി ജാക്കിനെ സമ്മാനിച്ചത് ഒരു സുഹൃത്തായിരുന്നു. പിന്നീട് അവന് ബേബി ഫുഡ് വാങ്ങിയും കളിപ്പാട്ടങ്ങൾ വാങ്ങിയും മകനെപ്പോലെ ലക്ഷ്മി വളർത്തി. 

പത്തു വർഷത്തെ ദാമ്പത്യത്തിന് ശേഷം കുഞ്ഞുങ്ങൾ ഉണ്ടായപ്പോൾ ജാക്കിനെ പുറത്താക്കാൻ ബന്ധുക്കൾ ലക്ഷ്മിയോട് ആവശ്യപ്പെട്ടു. എന്നാൽ അവർ അതിനു തയ്യാറായില്ല. അങ്ങനെ അവൻ മക്കളുടെ കളിക്കൂട്ടുകാരനായി മാറി.

ജാക്കിന് വയസായതോടെ ലിവർ തകരാറിലായി. മരുന്ന് കൊടുത്ത് കൊല്ലാമെന്ന് ഡോക്ടർ പറഞ്ഞപ്പോഴും ലക്ഷ്മി അതിനു സമ്മതിച്ചില്ല. കിടപ്പിലായ മനുഷ്യരെ നോക്കുന്നതുപോലെ വിസർജ്യങ്ങൾ വൃത്തിയാക്കിയും പൗഡർ ഇട്ടും ഭക്ഷണം വാരിക്കൊടുത്തും ലക്ഷ്മി ജാക്കിനെ പരിചരിച്ചു. അവന്റെ മരണശേഷം പാപനാശത്തു ബലിയിടാൻ പോയതും കുറിപ്പിൽ ലക്ഷ്മി പങ്കുവെയ്ക്കുന്നു.