എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ ചാൾസ് മൂന്നാമൻ ബ്രിട്ടീഷ് രാജാവായി പ്രഖ്യാപിക്കപ്പെട്ടു. അതോടെ അദ്ദേഹവുമായി ബന്ധപ്പെട്ട വാർത്തകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നത്. സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോഴിതാ ചിരി വളർത്തുകയാണ് അദ്ദേഹത്തിൻറെ ഒരു പഴയ വീഡിയോ. രാജകുമാരനായിരിക്കെ അദ്ദേഹത്തിനോട് ബിയർ കുടിക്കാൻ വരുന്നുണ്ടോ എന്ന് ചോദിച്ച ആരാധകന് അദ്ദേഹം കൊടുക്കുന്ന രസകരമായ മറുപടിയാണ് വീഡിയോയിൽ.

ഈയിടെയാണ് ഈ വീഡിയോ ക്ലിപ്പ് വ്യാപകമായി പ്രചരിക്കപ്പെട്ടത്. ഒരു ജനക്കൂട്ടത്തിന് നടുവിൽ നിൽക്കുന്ന ചാൾസ്  രാജകുമാരനാണ് വീഡിയോയിൽ. അദ്ദേഹത്തിന് ചുറ്റും നിന്ന് അഭിവാദ്യം അർപ്പിക്കുന്ന ജനങ്ങളെ അദ്ദേഹം കൈവീശി കാണിക്കുന്നതും കാണാം. ഇതിനിടയിൽ അദ്ദേഹത്തിന് തൊട്ടരികിലായി നിന്ന ഒരാൾ അദ്ദേഹത്തോട് ഉച്ചത്തിൽ ഇങ്ങനെ ചോദിക്കുന്നു: ‘ചാൾസ് നിങ്ങൾ ഒരു ബിയർ കുടിക്കാൻ പുറത്തുവരുന്നോ?’ അയാൾ പറഞ്ഞത് വ്യക്തമാക്കാതിരുന്നത് കൊണ്ടായിരിക്കണം രാജകുമാരൻ വീണ്ടും അയാളോട് ‘എന്താ?’ എന്ന് ചോദിക്കുന്നു. അപ്പോൾ അയാൾ വീണ്ടും ചോദ്യം ആവർത്തിക്കുന്നു; ‘ചാൾസ് നിങ്ങൾ ബിയർ കുടിക്കാൻ വരുന്നോ?’ ഇത് കേട്ടതും ഒരു ചിരിയോടെ രാജകുമാരൻ അയാളോട് ചോദിച്ചു ‘എവിടെ’ എന്ന് അപ്പോൾ അയാൾ ‘പുറത്ത്’ എന്ന് മറുപടി പറയുന്നു. ഇത് കേട്ടതോടെ ചുറ്റുന്ന ആളുകളും രാജകുമാരനൊപ്പം ചിരിക്കുന്നു. ഇതിനിടയിൽ രാജകുമാരൻ അയാളോട് ചോദിക്കുന്നു ‘നിങ്ങൾ എനിക്ക് വേണ്ടി റെക്കമെന്റ് ചെയ്യുമോ’ എന്ന്.

ദി മിറർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ആരാധകൻ യുകെയിലെ ബിർമിംഗ്ഹാമിൽ നിന്നുള്ള 36 -കാരനായ ഡാനിയൽ വാക്കറാണെന്ന് തിരിച്ചറിഞ്ഞു. ഈ വർഷം ജൂലൈ 28 -ന് കോമൺവെൽത്ത് ഗെയിംസ് ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം നടന്നത്, കാണികളിലൊരാളായ ആൻഡ്രൂ ഗൗൾഡ് ആണ് വീഡിയോ ചിത്രീകരിച്ചത്.

അന്ന് ചാൾസ് രാജകുമാരനായിരുന്ന രാജാവുമായുള്ള ഹ്രസ്വവും എന്നാൽ രസകരവുമായ സംഭാഷണത്തെക്കുറിച്ച്  വാക്കർ പറയുന്നത് തന്റെ ജീവിതകാലം മുഴുവൻ ഓർത്തു വെക്കാനുള്ള മനോഹരമായ നിമിഷം എന്നാണ്. ഏറെ ഹൃദ്യമായ ഈ വീഡിയോയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.