യുക്രെയ്ൻ യുദ്ധത്തിൽ തിരിച്ചടി നേരിടുന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ആണവായുധമോ രാസായുധമോ പ്രയോഗിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ മുന്നറയിപ്പുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ‘അരുത്…അരുത്…അരുത്…’ എന്നായിരുന്നു സിബിഎസ് നടത്തിയ അഭിമുഖത്തിൽ ബൈഡന്റെ പ്രതികരണം. അരുത്, അരുത്, നിങ്ങൾ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം കണ്ടിട്ടില്ലാത്ത അവസ്ഥയിലേക്കു ഈ യുദ്ധത്തെ വലിച്ചു കൊണ്ടുപോകരുത്. അവർ ലോകത്തിനു മുന്നിൽ ഇപ്പോഴുള്ളതിലും കൂടുതൽ നീചരാകുമെന്നും ബൈഡൻ പറഞ്ഞു.

‘അങ്ങനെ ഉണ്ടായാൽ എങ്ങനെയാകും പ്രതികരണമെന്ന് ഞാൻ നിങ്ങളോട് പറയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഒരിക്കലും നിങ്ങളോടത് പറയില്ല. പക്ഷേ, അതിന് ദൂരവ്യാപക ഫലങ്ങൾ ഉണ്ടാകും. ഒരിക്കലും ഉണ്ടാകാത്ത രീതിയിൽ അവർ ലോകത്തിനു മുന്നിൽ ഒറ്റപ്പെട്ടുപോകും. അവർ എന്തുചെയ്യുന്നു എന്നത് ആശ്രയിച്ചാകും ഞങ്ങളുടെ പ്രതികരണം’ – യുക്രെയ്ൻ യുദ്ധത്തിലെ തിരിച്ചടിയിൽ പുടിൻ അതിരുവിട്ടാലോ എന്ന ചോദ്യത്തിന് ബൈഡൻ മറുപടി പറഞ്ഞു.

തളരാത്ത പോരാട്ടവീര്യവുമായി യുദ്ധക്കളത്തിൽ നിലയുറപ്പിച്ച യുക്രെയ്നിനു മുന്നിൽ പല മേഖലകളിലും റഷ്യ മുട്ടുമടക്കുന്ന സ്ഥിതിയാണ് നിലവിൽ. കടുത്ത പ്രത്യാക്രമണത്തിലൂടെ ആധിപത്യമുറപ്പിച്ച് യുക്രെയ്ൻ തിരിച്ചടിക്കുമ്പോൾ, റഷ്യ തോൽവി സമ്മതിക്കുകയോ തോറ്റോടുകയോ ചെയ്യുമെന്നാണു പൊതുവെയുള്ള വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ പുതിയ നീക്കമെന്തായിരിക്കുമെന്ന് ലോകം ആശങ്കയോടെ നോക്കുന്നത്. 

പുട്ടിൻ ആണവായുധം ഉൾപ്പെടെ പ്രയോഗിക്കാൻ സാധ്യതയുണ്ട്. അതു മേഖലയ്ക്കാകെ അപകടകരമാണ്. ഇപ്പോഴത്തെ സൈനിക നീക്കങ്ങൾ ഒരേസമയം പരമപ്രധാനവും അപകടകരവുമാണെന്നാണ് സിഐഎ മുൻ ഡയറക്ടറും യുഎസ് ഡിഫൻസ് സെക്രട്ടറിയുമായ ലിയോൺ പനേറ്റ കഴിഞ്ഞ ദിവസം പറഞ്ഞത്.