ബാലതാരമായെത്തി പിന്നീട് സിനിമയിൽ നായികയായും നായകനായുമൊക്കെ തിളങ്ങിയ തിളങ്ങിയ നിരവധി നടിമാരും നടന്മാരും നമുക്കുണ്ട്. സിനിമയിൽ മാത്രമല്ല, സീരിയലിലും അത്തരം ചില പ്രതിഭകളെ കണ്ടെത്താം. 

സീരിയൽ താരം ഐശ്വര്യ ദേവിയ്ക്കും അതുപോലൊരു കഥയാണ് പറയാനുള്ളത്. ജ്വാലയായ് എന്ന പരമ്പരയിലൂടെ മികച്ച ബാലതാരത്തിനുള്ള അവാർഡ് നേടിയ ഐശ്വര്യ വർഷങ്ങൾക്കു ശേഷം സീരിയൽ ലോകത്തേക്ക് തന്നെ തിരിച്ചെത്തിയിരിക്കുകയാണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന സീരിയലിൽ അവന്തിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഐശ്വര്യയാണ്.

മൂന്നാം വയസിൽ സൂര്യകാന്തി എന്ന സീരിയലിലൂടെയാണ് അഭിനയത്തിൽ ഐശ്വര്യ അരങ്ങേറ്റം കുറിച്ചത്. സൂര്യകാന്തിയിൽ രവി വള്ളത്തോളിന്റെ മകളുടെ വേഷമായിരുന്നു. പിന്നീട് അലകൾ, മരുഭൂമിയിൽ പൂക്കാലം, കഥാനായിക, ജ്വാലയായ്, ചന്ദ്രോദയം തുടങ്ങി നിരവധി പരമ്പരകൾ.

ഒരിടവേളയ്ക്ക് ശേഷം പാടാത്ത പൈങ്കിളിയിലൂടെ വീണ്ടും എത്തിയിരിക്കുകയാണ് ഐശ്വര്യ. കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു ഐശ്വര്യയുടെ വിവാഹം. ഒമാനില്‍ ജോലിചെയ്യുന്ന സിദ്ധാര്‍ത്ഥാണ് ഐശ്വര്യയുടെ ഭർത്താവ്.