പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ രണ്ടാനച്ഛന് 14 വർഷം കഠിനതടവിന് ശിക്ഷിച്ചു. മാറനല്ലൂർ സ്വദേശിയായ 44 കാരനെയാണ് കഠിനതടവിനും പതിനായിരം രൂപ പിഴയ്യും നെയ്യാറ്റിൻകര പോക്സോ അതിവേഗ കോടതി ജഡ്ജി രശ്മി സദാനന്ദൻ ശിക്ഷിച്ചത്.

2006 ൽ തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് കേസിനാസ്പദമായ സംഭവം. ഭർത്താവ് മരിച്ച യുവതിയോടു സ്നേഹംനടിച്ച് ഇവർക്കൊപ്പം താമസിച്ചുവരികയായിരുന്നു പ്രതി. യുവതി സ്വകാര്യ ആശുപത്രിയിൽ ജോലിക്ക് പോയ സമയത്താണ് പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തുവന്നത്.

എന്നാൽ യുവതിയെയും മകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പ്രതി സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി ഗർഭം അലസിപ്പിക്കുകയായിരുന്നു. അതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ വെട്ടിയ കേസിൽ ഒളിവിൽപ്പോയ പ്രതി ആറുമാസത്തിനുശേഷം തിരിച്ചെത്തി വീണ്ടും പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതോടെയാണ് പെൺകുട്ടിയുടെ അമ്മ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.

പെൺകുട്ടിയും അമ്മയും കോടതിയിൽ പ്രതിക്കെതിരേ മൊഴി നൽകിയിരുന്നു. പെൺകുട്ടി ഗർഭിണിയായിരുന്നെന്ന് കണ്ടെത്തിയ ആശുപത്രിയിലെ രേഖകളും ഗർഭച്ഛിദ്രം ചെയ്ത ആശുപത്രിയിലെ തെളിവുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അജിത് തങ്കയ്യയും ഗോപിക ഗോപാലും ഹാജരായി. മാറനല്ലൂർ പൊലീസ് ഇൻസ്പെക്ടറായിരുന്ന എസ്.അനിൽകുമാർ, സി.ശ്രീകുമാർ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.