25 കോടിയുടെ ഓണം ബംബർ അടിച്ചത് ശ്രീവരാഹം സ്വദേശി അനൂപിന്. 30 വയസ്സുള്ള അനൂപ് ഓട്ടോ ഡ്രൈവറാണ്. പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജൻസിയിൽനിന്ന് എടുത്ത TJ 750605 നമ്പറിനാണ് ലോട്ടറി അടിച്ചത്. വീട്ടിൽ ഭാര്യയും കുട്ടിയും അമ്മയുമാണുള്ളത്. ഇന്നലെ രാത്രിയാണ് പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജൻസിയിൽനിന്ന് ടിക്കറ്റ് എടുത്തത്.

അനൂപിൻറെ പിതൃസഹോദരിയുടെ മകൾ സുജയ ലോട്ടറി ഏജൻസി നടത്തുകയാണ്. സഹോദരിയിൽനിന്നാണ് അനൂപ് ടിക്കറ്റ് എടുത്തത്.

ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് നികുതികൾ കഴിച്ച് കിട്ടുക 15.75 കോടിയാണ്. ടിക്കറ്റിന് പിറകിൽ ഒപ്പിടുന്നയാളിനാണ് സമ്മാനത്തിന് അർഹത. അഞ്ചുകോടി രൂപയാണ് രണ്ടാംസമ്മാനം. മൂന്നാംസമ്മാനം ഒരു കോടി രൂപ വീതം പത്തുപേർക്ക്. 90 പേർക്ക് നാലാംസമ്മാനമായി ഒരുലക്ഷം രൂപ വീതവും ലഭിക്കും. ആകെ 126 കോടി രൂപയാണ് ഇത്തവണ സമ്മാനമായി നൽകുന്നത്.

66.5 ലക്ഷം ടിക്കറ്റുകളാണ് ശനിയാഴ്ച വൈകുന്നേരംവരെ വിറ്റത്. കഴിഞ്ഞവർഷം ഓണത്തിന് വിറ്റത് 54 ലക്ഷം ടിക്കറ്റായിരുന്നു. ഇത്തവണ ആദ്യം 65 ലക്ഷം അച്ചടിച്ചു. ആവശ്യക്കാർ ഏറിയതിനാൽ രണ്ടരലക്ഷംകൂടി അച്ചടിച്ചു. ഞായറാഴ്ച ഉച്ചവരെ ടിക്കറ്റുകൾ വിറ്റിരുന്നു. 90 ലക്ഷം ടിക്കറ്റുകൾവരെ അച്ചടിക്കാൻ ഇത്തവണ ഭാഗ്യക്കുറിവകുപ്പിന് സർക്കാർ അനുമതിനൽകിയിരുന്നു.