തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആരോപണം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തിന്റെ മുഖ്യമന്ത്രിയെ ഓര്‍ത്ത് സഹതാപം മാത്രമേയുള്ളൂവെന്ന രൂക്ഷമായ പ്രതികരണമാണ് ഗവര്‍ണര്‍ നടത്തിയിരിക്കുന്നത്. കണ്ണൂര്‍ സംഭവത്തില്‍ കേസെടുക്കാതിരുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം ആണെന്നും തന്നെ ആക്രമിച്ച ദൃശ്യങ്ങള്‍ നാളെ പുറത്തുവിടുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെയുള്ള പോരില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിക്കുന്നതാണ് ഗവര്‍ണറുടെ ഇന്നത്തെ പ്രസ്താവന. 

ഗവര്‍ണക്കെതിരെ ആക്രമണം നടക്കുമ്പോള്‍ പരാതി കിട്ടിയിട്ട് വേണോ സര്‍ക്കാരിന് അന്വേഷിക്കാനെന്നും ഗവര്‍ണര്‍ ചോദിച്ചു. സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടില്ലെന്ന് കത്തിലൂടെ ഉറപ്പ് നല്‍കിയത് മുഖ്യമന്ത്രിയാണെന്നും എന്നാല്‍, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ പൂര്‍ണമായും സ്വതന്ത്ര നിലനില്‍പ്പിനെ ചോദ്യം ചെയ്ത് സര്‍വകലാശാലകളെ ഏറ്റെടുക്കുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചു. സര്‍വകലാശാലകളിലെ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തനിക്കയച്ച രണ്ട് കത്തുകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നാണ് ഗവര്‍ണര്‍ പറയുന്നത്. അതോടൊപ്പം തന്നെ മുന്‍പ് ആരോപിച്ച ചില കാര്യങ്ങള്‍ ഗവര്‍ണര്‍ ആവര്‍ത്തിക്കുകയും ചെയ്തു. 

കേരളത്തില്‍ മാത്രമാണ് മന്ത്രിമാരുടെ പഴ്സണല്‍ സ്റ്റാഫിലുള്ളവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന സമ്പ്രദായമുള്ളത്. രണ്ട് വര്‍ഷം ജോലി ചെയ്തവര്‍ക്ക് പെന്‍ഷന്‍ എന്നത് കൊള്ളയടിയാണ്. അതിന് കൂട്ടുനില്‍ക്കാനാകില്ല. രാജ്യത്ത് മറ്റേതെങ്കിലും സംസ്ഥാനത്ത് ഇതുപോലെ നടക്കുന്നുണ്ടോയെന്ന് ബന്ധപ്പെട്ടവര്‍ അന്വേഷിക്കട്ടേയെന്നും താന്‍ ഇവിടെ എത്തിയത് ജനങ്ങളെ സേവിക്കാനാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ പറയുകതന്നെ ചെയ്യുമെന്നും പറയാതെ മിണ്ടാതിരിക്കുന്ന പ്രശ്നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിണറായി വിജയന്‍ പല കാര്യങ്ങള്‍ക്കും സഹായം തേടി തന്നെ സമീപിച്ചിട്ടുണ്ട്. അതിന്റെ തെളിവുകള്‍ സമയമാകുമ്പോള്‍ പുറത്ത് വിടുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.