72 ാം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസകളുമായി ചലച്ചിത്ര ലോകം. നടൻ ഷാറൂഖ് ഖാൻ, അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, കങ്കണ റണാവത്ത്, അനുപം ഖേർ തുടങ്ങിയ താരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയാണ് മോദിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചത്. രാജ്യത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായുള്ള നരേന്ദ്രമോദിയുടെ സമർപ്പണ മനോഭാവം അങ്ങേയറ്റം പ്രശംസനീയമാണെന്ന് ഷാറൂഖ് ഖാൻ ട്വീറ്റ് ചെയ്തു. ഒരു ദിവസം ഔദ്യോഗിക കർത്ത്യവങ്ങളിൽ നിന്നു അവധിയെടുത്ത് പിറന്നാൾ ആഘോഷിക്കൂ എന്നും അദ്ദേഹം കുറിച്ചു.

‘രാജ്യത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായുള്ള താങ്കളുടെ സമർപ്പണമനോഭാവം അങ്ങേയറ്റം പ്രശംസനീയമാണ്. താങ്കളുടെ എല്ലാ ലക്ഷ്യങ്ങളും നേടാനുള്ള ശക്തിയും ആരോഗ്യവും താങ്കൾക്കുണ്ടാവട്ടെ. ഒരു ദിവസം അവധിയെടുത്ത് പിറന്നാൾ ആഘോഷിക്കൂ സർ, ജന്മദിനാംശംസകൾ.’ -ഷാറൂഖ് ഖാൻ ട്വീറ്റ് ചെയ്തു.

ഈ ഭൂമിയിലെ ഏറ്റവും ശക്തനായ മനുഷ്യൻ എന്നാണ് കങ്കണ റണാവത്ത് ജന്മദിനാംശംസയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിശേഷിപ്പിച്ചത്. രാമനെയും കൃഷണനെയും ഗാന്ധിയെയും പോലെ നരേന്ദ്രമോദി അനശ്വരനാകുമെന്നും കങ്കണ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.