ജന്മദിനത്തിൽ അമ്മയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങാൻ കഴിയാതിരുന്നതിൽ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് 72–ാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി, മധ്യപ്രദേശിലെ ഷിയോപുരിൽ വനിതാ സ്വയം സഹായ സംഘങ്ങളുടെ (എസ്എച്ച്ജി) കൺവെൻഷനെ അഭിസംബോധന ചെയ്യുമ്പോഴാണ് അമ്മയെക്കുറിച്ചു വാചാലനായത്.

“സാധാരണയായി ഞാൻ എന്റെ ജന്മദിനത്തിൽ അമ്മയെ സന്ദർശിക്കുകയും അവരുടെ കാൽതൊട്ട് അനുഗ്രഹം വാങ്ങുകയും ചെയ്യാറുണ്ട്. എങ്കിലും ഇന്നു മധ്യപ്രദേശിലെ ഒട്ടനവധി അമ്മമാർ എന്നെ അനുഗ്രഹിച്ചിരിക്കുന്നു.’’– മോദി പ്രസംഗത്തിൽ പറഞ്ഞു. എല്ലാ ജന്മദിനത്തിലും മോദി ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള വീട്ടിലെത്തി അമ്മ ഹീരാ ബെന്നിനെ സന്ദർശിച്ച് അനുഗ്രഹം വാങ്ങാറുണ്ട്.

ഇത്തവണ തിരക്കേറിയ കാര്യപരിപാടികൾക്കിടെ അമ്മയെ സന്ദർശിക്കാൻ സാധിച്ചില്ല. ശനിയാഴ്ച രാവിലെ, മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍, നമീബിയയില്‍ നിന്നെത്തിച്ച ചീറ്റപ്പുലികളെ തുറന്നുവിട്ട ശേഷമാണ് എസ്എച്ച്ജി കൺവൻഷനിൽ പങ്കെടുക്കാൻ മോദി എത്തിയത്.

കഴിഞ്ഞ നൂറ്റാണ്ടിനും ഈ നൂറ്റാണ്ടിനുമിടയില്‍ രാജ്യത്ത് വനിതകളുടെ പ്രാതിനിധ്യം വര്‍ധിച്ചെന്നും ഗ്രാമീണ ഭരണകൂടങ്ങള്‍ മുതല്‍ രാഷ്ട്രപതി പദവിയില്‍ വരെ സ്ത്രീകള്‍ എത്തിയെന്നും മോദി പ്രസംഗത്തിൽ പറഞ്ഞു.