ടെഹ്റാന്‍: ഹിജാബ് ധരിക്കാത്തതില്‍ സദാചാര ആക്രമണം നേരിട്ട പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. ഇറാന്‍ വംശജയായ 22 കാരി മാഷാ അമിനിയാണ് കൊല്ലപ്പെട്ടത്.

മാഷാ വേണ്ടവിധത്തില്‍ ഹിജാബ് ധരിച്ചില്ല എന്നാരോപിച്ച് ആള്‍ക്കൂട്ട ആക്രമണം നടത്തുകയായിരുന്നു. ഗുരുതരാവസ്ഥയിലായ മാഷാ അബോധാവസ്ഥയിലായി. തുടര്‍ന്ന് വെള്ളിയാഴ്ച അവര്‍ മരണത്തിനു കീഴടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആള്‍ക്കൂട്ട വിചാരണയ്ക്കിരയായ യുവതിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി കഴിഞ്ഞദിവസം വാര്‍ത്തകള്‍ വന്നിരുന്നു. പെണ്‍കുട്ടിയുടെ ‘ദുരൂഹമായ’ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആവശ്യപ്പെട്ടിട്ടുണ്ട്.

ആക്രമണം നേരിട്ടതിനുശേഷം മാഷാ ആരോഗ്യവതിയായിരുന്നുവെന്നും പിന്നീട്, മണിക്കൂറുകള്‍ക്കുശേഷം ആശുപത്രിയിലേക്ക് മാറ്റിയെന്നും തുടര്‍ന്ന് അബോധാവസ്ഥയിലാണെന്ന് അധികൃതര്‍ അറിയിച്ചുവെന്നും മാതാപിതാക്കളെ ഉദ്ധരിച്ച് പേര്‍ഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, പോലീസ് സ്റ്റേഷനില്‍നിന്നും ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടയില്‍ എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ കൃത്യതയില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

വസ്ത്രധാരണത്തിന്റെ പേരിലും രാജ്യത്തെ നിര്‍ബന്ധിത ഹിജാബ് നിയമങ്ങള്‍ പാലിക്കാത്തതിന്റെ പേരിലും ടെഹ്‌റാനിലെ റീ എഡ്യുക്കേഷന്‍ ക്ലാസ് എന്ന തടങ്കല്‍ കേന്ദ്രത്തിലെത്തിച്ച് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഇറാന്‍ പോലീസ് സംഭവം നിഷേധിച്ച് രംഗത്തുവന്നിട്ടുണ്ട്. യുവതിക്ക് ഹൃദ്രോഗം ഉണ്ടായിരുന്നുവെന്നും അതാണ് മരണത്തിന് കാരണമെന്നുമാണ് പോലീസ് വാദം.

സെപ്തംബര്‍ 13-നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഇറാനിലെ സഗെസ് സ്വദേശിയായ യുവതി സഹോദരനൊപ്പം ഉല്ലാസയാത്രയ്ക്ക് വേണ്ടിയാണ് ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലെത്തിയത്. മാഷായുടെ വസ്ത്രധാരണത്തില്‍ പ്രകോപിതരായ ചിലര്‍ ഇവര്‍ക്കു നേരേ ആക്രണം നടത്തുകയായിരുന്നു. യുവതിയെയും സഹോദരനെയും സംഘം ക്രൂരമായി മര്‍ദ്ദിച്ചു.

1979ലെ കലാപത്തിനുശേഷം ഇറാനില്‍ സ്ത്രീകള്‍ക്ക് ഹിജാബ് നിര്‍ബന്ധമാക്കിയിരുന്നു. ഈ നിയമങ്ങള്‍ ലംഘിക്കുന്ന സ്ത്രീകള്‍ക്ക് കടുത്ത ശിക്ഷയാണ് നല്‍കിയിരുന്നത്.