ടെംപിൾ ടെക്സാസ്: അമേരിക്കൻ  മലയാളികളിൽ മുതിർന്ന തലമുറയിലെ അംഗമായ ഡോ. ശ്യാമള നായർ നിര്യാതയായി.കഴിഞ്ഞ നാൽപ്പത്തിയഞ്ച്  വർഷമായി ടെംപിൾ ടെക്സസിലെ ഇന്ത്യൻ സമൂഹത്തിലെ നിറസാന്നിധ്യമാണ്‌ സെപ്റ്റംബർ 13ന് പടിയിറങ്ങിയത്. 

കേരളത്തിൽ തിരുവനന്തപുരത്തു ജനിച്ച് 1970 ൽ ഭർത്താവ് ഡോ. പി കെ നായർക്കൊപ്പം അമേരിക്കയിലെത്തിയ ശ്യാമളനായർ അറിയപ്പെടുന്ന പീഡിയട്രീഷ്യൻ  ആയിരുന്നു. 1975 ലാണ് ടെംപിളിലേക്കു താമസത്തിനായി എത്തിയത്. അന്നുമുതൽ ടെംപിൾ ഇന്ത്യൻ സമൂഹത്തിനു താങ്ങും തണലുമായി പ്രവർത്തിച്ചു. ടെംപിളിലെ ഹിന്ദു ക്ഷേത്ര നിർമ്മാണത്തിലും നടത്തിപ്പിലും മുൻകൈഎടുത്തതും ഡോ. ശ്യാമള നായർ ആയിരുന്നു.

ടെംപിളിലെ ഡാർണെൽ ആർമി ഹോസ്പിറ്റൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. സെൻട്രൽ ടെക്സസിലെ ഹിന്ദു സമൂഹത്തിൽ ആത്മീയ പ്രഭാഷണങ്ങൾ നടത്തുകയും കുട്ടികളെയും മുതിർന്നവരെയും ആത്മീയ ധാരയിലേക്കടുപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളിൽ മുഴുകിയിരുന്ന ശ്യാമള നായരുടെ നിര്യാണം അമേരിക്കയിലെ ഹിന്ദു സമൂഹത്തിനു തീരാനഷ്ടമാണെന്നു കെ എച് എൻ എ പ്രസിഡണ്ട് ജി കെ പിള്ള പറഞ്ഞു. 

ഭർത്താവു ഡോ. പി കെ നായർ രണ്ട് ആൺമക്കൾ നാലു പേരക്കുട്ടികൾ ഇവരോടൊപ്പമാണ് ശ്യാമള നായർ കഴിഞ്ഞിരുന്നത്. സെപ്തംബർ 18 നു ടെംപിളിലെ സാനിയോ ഹാർപ്പർ ഫ്യൂണറൽ ഹോമിൽ 10 മുതൽ 12 വരെ പൊതു ദർശനം നടക്കും. അതിനുശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ എന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.