ഹൈദരാബാദ്: കോഴിയെ മോഷ്ടിച്ചത് സിസിടിവിയിൽ കുടുങ്ങിയതിനെ തുടർന്നുണ്ടായ മനോവിഷമത്തിൽ മോഷ്ടാവ് ജീവനൊടുക്കി. തെലങ്കാനയിലെ പെനുബള്ളി മണ്ഡലിലെ ഖമ്മം ഗംഗാദേവിപാടുവിലാണ് സംഭവം. മോഷണവിവരം നാട്ടിൽ പാട്ടായതിനു പിന്നാലെയാണ് 42 കാരനായ ഇയാൾ കീടനാശിനി കഴിച്ച് ജീവിതം അവസാനിപ്പിച്ചത്.

വീട്ടിൽ നിന്ന് കോഴിയെ കാണാതാകുന്നത് പതിവായതോടെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഇതേ തുടർന്ന് കോഴിയ്ക്ക് കാവലായി നായയെ കൂടിനു സമീപം കെട്ടി. വീണ്ടും മോഷണം തുടർന്നതോടെ മോഷ്ടാവിനെ പിടികൂടാനായി വീട്ടുകാർ കോഴിക്കൂടിന് സമീപത്തായി സിസിടിവി സ്ഥാപിച്ചു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് മോഷ്ടാവിനെ വീട്ടുകാർ തിരിച്ചറിഞ്ഞത്. പിന്നാലെ സിസിടിവി ദൃശ്യം സഹിതം പോലീസിനു പരാതി നൽകി. ഇതേ തുടർന്നുണ്ടായ മനോവിഷത്തിൽ സംഭവം നടന്ന് അഞ്ചാം ദിവസം 42 കാരൻ കീടനാശിനി കഴിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച മരണപ്പെട്ടു. യുവാവ് കോഴിയെ മോഷ്ടിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവം ഒത്തുതീർപ്പാക്കിയിരുന്നുവെന്നും ഇയാൾക്കെതിരെ കേസെടുത്തിരുന്നില്ലെന്നും പോലീസ് അറിയിച്ചു.