പയ്യന്നൂര്‍: പരാതികൾ എത്ര തന്നെ ഉണ്ടായാലും സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ സജീവമായി വിലസുകയാണ്. നേരത്തെ എടിഎം കാര്‍ഡ് വിവരങ്ങള്‍ ഉടമസ്ഥരെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട് ഫോണിലൂടെ ഉള്‍പ്പെടെ ബന്ധപ്പെട്ടായിരുന്നു തട്ടിപ്പ് നടന്നിരുന്നതെങ്കിലും ഇപ്പോൾ പല പല പുതു മാർഗങ്ങളാണ് തട്ടിപ്പ് സംഘങ്ങൾ ഉപയോഗിക്കുന്നത്. ഓൺലൈൻ തട്ടിപ്പുകള്‍ വ്യാപകമാണെന്ന് കേരള പോലീസും സമ്മതിക്കുന്നുണ്ടെങ്കിലും നടപടിയെടുക്കാൻ ആകാതെ പരുങ്ങുകയാണ് ഇവർ. കോവിഡ് രോഗ രോഗബാധയ്ക്ക് പിന്നാലെ ഓണ്‍ലൈൻ പമണമിടപാടുകൾ വ്യാപിക്കുന്ന സാഹചര്യമാണുള്ളത്. ഇതാണ് തട്ടിപ്പ് സംഘങ്ങൾ‌ മുതലെടുക്കുന്നത്. ഇവന്റ് മാനേജ്മെന്റ് കേന്ദ്രീകരിച്ചാണ് ഇപ്പോൾ പുതിയ തട്ടിപ്പ് നടക്കുന്നത്. പയ്യന്നൂരിൽ ലക്ഷങ്ങളാണ് തട്ടിപ്പ് സംഘങ്ങൾ കൈക്കലാക്കിയിരിക്കുന്നത്.

പയ്യന്നൂരിൽ ഇതിനകം ലഭിച്ചത് ഇരുപത്തഞ്ചിലേറെ പരാതികലാണ്. തട്ടിപ്പുകാര്‍ ഊറ്റിയെടുത്തത് ലക്ഷങ്ങളാണ്. നടപടിയെടുക്കാനാവാതെ പോലീസ് കുഴങ്ങുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇവന്റ് മാനേജ്മെന്റുകാരെ ലക്ഷ്യംവച്ചുള്ള പുതിയ ഓണ്‍ലൈന്‍ തട്ടിപ്പാണ് ഇപ്പോള്‍ പയ്യന്നൂരും പരിസരങ്ങളിലുമായി അരങ്ങേറുന്നത്. വിവാഹം, വിവാഹ വാര്‍ഷികങ്ങള്‍, ജന്മദിനം, ചോറൂണ് തുടങ്ങിയ പരിപാടികള്‍ ഏല്‍പ്പിക്കാനായുള്ള ഇവന്റ് മാനേജ്മെന്റുകാര്‍ക്ക് വരുന്ന ഫോണ്‍വിളിയാണ് ആദ്യമെത്തുന്നത്. മിലിട്ടറി ഓഫീസറെന്നും മറ്റു ഉന്നത ഉദ്യോഗസ്ഥരെന്നും പരിചയപ്പെടുത്തിയാണ് ഫോണ്‍കോളുകള്‍. ഡെക്കറേഷന്‍ മോഡലുകളുടെ ഫോട്ടോ അയച്ചു കൊടുക്കാന്‍ ആവശ്യപ്പെടുകയും അതനുസരിച്ച് ഇവന്റ് മാനേജ്മെന്റ് നടത്തുന്നവര്‍ ഫോട്ടോകള്‍ അയച്ചു കൊടുക്കുകയും ചെയ്യുന്നതോടെ ആദ്യഘട്ടം പൂര്‍ത്തിയാവുന്നു.

മോഡല്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ പിന്നീട് പരിപാടി നടക്കുന്ന സ്ഥലം, തീയതി മറ്റുവിവരങ്ങള്‍ എന്നിവയെല്ലാം ഇവരെ ധരിപ്പിക്കും. ആകെവരുന്ന ചെലവിന്റെ കാര്യത്തില്‍ ധാരണയിലെത്തിയ ശേഷം ഇതിന്റെ അഡ്വാസ് വാങ്ങണമെന്നതാണ് അടുത്ത ആവശ്യം. പരിപാടി കഴിഞ്ഞുമതി പണമെന്ന് പറഞ്ഞാല്‍ അതിന് വഴങ്ങില്ല. നിങ്ങളെ പരിപാടികള്‍ ഏല്‍പ്പിച്ചതിന് ഉറപ്പു വേണമെന്നും ഒരു വിശ്വാസത്തിന് വേണ്ടിയാണ് അഡ്വാന്‍സ് നല്‍കുന്നതെന്നും അറിയിക്കും. ഞങ്ങളുടെ ഓഫീസില്‍നിന്നുള്ള സാലറി അക്കൗണ്ടില്‍നിന്നാണ് അഡ്വാന്‍സ് തരുന്നതെന്നും കുറച്ചു കഴിയുമ്പോള്‍ ഓഫീസില്‍നിന്നും വിളിക്കുമെന്നും പറഞ്ഞാണ് ഫോണ്‍വിളി അവസാനിക്കുന്നത്.

കുറേ കഴിയുമ്പോള്‍ ഓഫീസില്‍നിന്നെന്ന് പരിചയപ്പെടുത്തിയുള്ള വിളി വരും. അഡ്വാസ് തുക അക്കൗണ്ടിലേക്കയക്കാനായി അവര്‍ അയക്കുന്ന ഓപ്ഷനില്‍ ഓക്കെ അടിക്കണം. ഓക്കെ അടിക്കുന്നതിനല്ലാതെ മറ്റൊരു ഓപ്ഷനും ഇവരയക്കുന്ന സൈറ്റിലുണ്ടാകില്ല എന്നതാണ് മറ്റൊരു കാര്യം. ഓക്കെ അടിക്കുന്നതോടെ ഇവന്റ് മാനേജ്മെന്റുകാരന്റെ അക്കൗണ്ടിലുള്ള പണമെല്ലാം നഷ്ടപ്പെടും. പണം അക്കൗണ്ടിലേക്ക് വരുന്നതാണോ പോകുന്നതാണോയെന്ന് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണെന്നാണ് പണം നഷ്ടപ്പെട്ട വ്യക്തി പറയുന്നത്. നിമിഷനേരംകൊണ്ട് അക്കൗണ്ട് കാലിയായ വിവരം പിന്നീട് മനസിലാകുമ്പോള്‍ തിരിച്ചുവിളിച്ചാല്‍ ലഭിക്കുന്നത് ചെയ്യാന്‍ പറ്റുന്നത് ചെയ്തോയെന്ന വെല്ലുവിളിയാണ്.

പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ തന്നെ ദിവസം രണ്ടും മൂന്നും പരാതികള്‍ വീതമെത്തുന്നതായി പോലീസ് പറയുന്നു. ഇരുപത്തഞ്ചിലേറെ പരാതികള്‍ ഇതിനകം ലഭിച്ചതായി പോലീസും സമ്മതിക്കുന്നു. ചെറുവത്തൂര്‍, പയ്യന്നൂര്‍, തളിപ്പറമ്പ് എന്നിവിടങ്ങളിലെ ഇവന്റ് മാനേജ്മെന്റ് നടത്തുന്നവരെ ലക്ഷ്യം വെച്ചുകൊണ്ടാണ് ഇപ്പോഴത്തെ തട്ടിപ്പുകളുടെ അരങ്ങേറ്റം. കൂടാതെ പച്ചക്കറി കടക്കാരും ചിക്കന്‍ കടക്കാരും തട്ടിപ്പിനിരയായിട്ടുണ്ട്. ഇതിനു പിന്നില്‍ വലിയ ഒരു സൈബര്‍ മാഫിയയാണെന്നാണ് പോലീസ് പറയുന്നത്.