ചെന്നൈ: അമിതവേഗതത്തിലെത്തിയ കാര്‍ ഇടിച്ച് രണ്ട് വനിതാ സോഫ്റ്റ്വെയര്‍ പ്രൊഫഷണലുകള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് സ്വദേശിനി ആര്‍ ലക്ഷ്മി,ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ സ്വദേശിനി എസ് ലാവണ്യ എന്നിവരാണ് മരിച്ചത്. പിന്നില്‍ നിന്നെത്തിയ കാര്‍ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതികളാണ് അപകടത്തില്‍പ്പെട്ടത്. ചെന്നൈ നവല്ലൂരിലെ എച്ച്‌സിഎല്ലിലെ ജീവനക്കാരായിരുന്നു ഇരുവരും. ബുധനാഴ്ച രാത്രി 11.30ന് ആയിരുന്നു സംഭവം.

അപകടമുണ്ടാക്കിയ ഹോണ്ട സിറ്റി കാറും ഡ്രൈവര്‍ മൊതീഷ് കുമാറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. 20കാരനായ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഡ്രൈവിങ്ങിനിടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്നാണ് വിലയിരുത്തല്‍. ഇയാള്‍ വാഹനമോടിക്കുമ്പോള്‍ മദ്യപിച്ചിരുന്നോ എന്ന് കണ്ടെത്താന്‍ പോലീസ് ശ്രമിക്കുന്നുണ്ട്.

ലക്ഷ്മി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ലാവണ്യയെ രാജീവ്ഗാന്ധി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ മരിക്കുകയായിരുന്നു. രണ്ട് പേര്‍ക്കും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഐടി മേഖലയായ ഇനിടെ ടെക് കമ്പനികളിലെ ജീവനക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. റോഡ് മുറിച്ചുകടക്കാന്‍ ആവശ്യത്തിന് സീബ്രാ ക്രോസിംഗുകള്‍ ഇല്ലെന്ന് പലരും പരാതി പറയുന്നു.