വാഷിങ്ടൺ: ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി ഗർഭസ്ഥ ശിശുവിനെ കൈക്കലാക്കിയ സംഭവത്തിൽ അറസ്റ്റിലായ സ്ത്രീയുടെ വിചാരണ ഈയാഴ്ച തുടങ്ങും. 2020 ഒക്ടോബറിലാണ് സംഭവം നടന്നത്. ടെയ്‍ലർ പാർകർ എന്ന 29 കാരിയാണ് വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്നത്. തന്റെ ആൺസുഹൃത്തിനെ കൂടെ നിർത്താൻ വേണ്ടിയാണ് ടെയ്‍ലർ പാർകർ ഇങ്ങനെയൊരു കൊടുംകൃത്യം ചെയ്തത്. ​ടെക്സാസിലെ 21 വയസുള്ള റീഗൺ സിമ്മോൺസ് ഹാൻകോക്കിനെയാണ് ടെയ്‍ലർ കൊലപ്പെടുത്തിയത്. അമ്മയിൽ നിന്ന് വേർപെട്ട ഗർഭസ്ഥ ശിശുവും മരിച്ചിരുന്നു.

താൻ ഗർഭിണിയാണെന്ന് കാണിച്ച് ഒരു ചിത്രം ഈ സംഭവങ്ങൾ നടക്കുന്നതിന് മുമ്പ് ടെയ്‍ലർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അതിനു ശേഷമാണ് ഗർഭിണിയെ കണ്ടെത്തി ഗർഭസ്ഥ ശിശുവിനെ അപഹരിക്കാൻ ശ്രമം തുടങ്ങിയത്. ഗർഭപാത്രം നീക്കിയതിനാൽ ടെയ്‍ലർക്ക് അമ്മയാകാൻ സാധിക്കുമായിരുന്നില്ല. ഗർഭിണിയാണെന്നറിഞ്ഞാൽ കൂടെയുള്ള ആൺസുഹൃത്ത് തന്നെ ഉപേക്ഷിച്ചുപോകില്ല എന്ന ധാരണയിലാണ് ടെയ്‍ലർ ഈ കൃത്യങ്ങൾക്ക് മുതിർന്നതെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു.

2020 ഒക്ടോബർ 9ന് ഒരു സഹായി എന്ന നിലക്കാണ് ടെയ്‍ലർ ഹാൻകോക്കിന്റെ വീട്ടിലെത്തിയത്. പൂർണ ഗർഭിണിയായിരുന്നു ഹാൻകോക്ക് അപ്പോൾ. 100 ലേറെ തവണ കത്തികൊണ്ട് കുത്തിയാണ് ടെയ്‍ലർ അവരെ കൊലപ്പെടുത്തിയത്.

മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം ഹാൻകോക്കിന്റെ വയറ് കുത്തിക്കീറി ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്തു. അതിനു ശേഷം വീട്ടിൽ നിന്ന് കടന്നുകളഞ്ഞു. ഈ കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ ഹാൻകോക്കിന്റെ മൂന്നുവയസുള്ള മൂത്ത കുട്ടി മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്നു. കുഞ്ഞിനെ മടിയിൽ വെച്ചാണ് ടെയ്‍ലർ വണ്ടിയോടിച്ചത്. ​വഴിമധ്യേ പൊലീസ് തടഞ്ഞുനിർത്തിയപ്പോൾ താൻ ഇപ്പോൾ ​പ്രസവിച്ച കുഞ്ഞാണെന്നാണ് അവർ പറഞ്ഞത്. കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.