മധ്യപ്രദേശില്‍ കരടി ദമ്പതികളെ ആക്രമിച്ച് കൊലപ്പെടുത്തുകയും അഞ്ച് മണിക്കൂറിലധികം മൃതദേഹങ്ങള്‍ ഭക്ഷിച്ചതായും റിപ്പോര്‍ട്ട്. മധ്യപ്രദേശിലെ പന്ന ജില്ലയില്‍ കഴിഞ്ഞ ഞായറാഴ്ച്ച രാവിലെയാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ശരീരഭാഗങ്ങള്‍ ഭക്ഷിക്കുന്നതിനിടെ കരടിയെ തുരത്താന്‍ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. പിന്നീട് കരടിയെ ശാന്തമാക്കിയ ശേഷമാണ് പിടികൂടിയതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

‘ജില്ലാ ആസ്ഥാനത്ത് നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള ഖെര്‍മായി പ്രദേശത്ത് രാവിലെ 6.30 ഓടെയാണ് സംഭവം നടന്നത്. ക്ഷേത്ര ദര്‍ശനത്തിനായി പോയ റാണിഗഞ്ച് സ്വദേശികളായ മുകേഷ് താക്കൂര്‍ (50), ഇന്ദിര ഠാക്കൂര്‍ (45) എന്നിവരെയാണ് കരടി ആക്രമിച്ച് കൊലപ്പെടുത്തിയത്. സ്ഥലത്തെത്തിയ ജീവനക്കാരാണ് കരടി മൃതദേഹങ്ങള്‍ ഭക്ഷിക്കുന്നതായി കണ്ടെത്തിയത്’ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ (ഡിഎഫ്ഒ) ഗൗരവ് ശര്‍മ പറഞ്ഞു.


പന്ന ടൈഗര്‍ റിസര്‍വ് ടീമെത്തി കരടിയെ ശാന്തമാക്കിയ ശേഷമാണ് പിടികൂടിയത്. അതിനു ശേഷമാണ് ദമ്പതികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അക്രമകാരിയായ കരടിയെ കാട്ടില്‍ വിടില്ല, മറ്റൊരു നഗരത്തിലെ മൃഗശാലയിലേക്ക് അയയ്ക്കാന്‍ പദ്ധതിയിടുന്ന്തായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സംഭവം നടന്ന് രണ്ടോ മൂന്നോ മണിക്കൂറിന് ശേഷമാണ് പൊലീസും വനപാലകരും സ്ഥലത്തെത്തിയതെന്ന് മരിച്ചയാളുകളുടെ ബന്ധുക്കള്‍ ആരോപിച്ചു.