ന്യൂഡൽഹി:

ഡൽഹിയിലെ മദ്യ കുംഭകോണത്തിന്റെ പുതിയ വീഡിയോ ബിജെപി പുറത്തുവിട്ടതിന് പിന്നാലെ പ്രതികരണവുമായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ബിജെപി പുറത്തുവിട്ട സ്റ്റിംഗ് വീഡിയോ ശരിയാണെങ്കിൽ തന്നെ അറസ്റ്റ്  ചെയ്യാമെന്ന് മനീഷ് സിസോദിയ പറഞ്ഞു. ബിജെപിയെ പരസ്യമായി സിസോദിയ വെല്ലുവിളിയ്ക്കുകയും ചെയ്തു. ആരോപണം സത്യമാണെങ്കിൽ തിങ്കളാഴ്ചയ്ക്കകം തന്നെ അറസ്റ്റ് ചെയ്യൂ എന്ന് മനീഷ് സിസോദിയ വെല്ലുവിളിച്ചു. 

വീഡിയോ കെജ്രിവാൾ സർക്കാരിന്റെ അഴിമതി തുറന്നുകാട്ടിയെന്നാണ് ബിജെപിയുടെ വാദം. വ്യാഴാഴ്ച വാർത്താ സമ്മേളനത്തിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. വീഡിയോയിൽ മദ്യക്കച്ചവടവുമായി ബന്ധമുള്ളൊരു വ്യക്തി സംസാരിക്കുന്നത് കേൾക്കാം. ആം ആദ്മി സർക്കാർ മനഃപൂർവം ചെറുകിട തൊഴിലാളികളെ മാറ്റിനിർത്തി വിപണി കുത്തകയാക്കാൻ  ശ്രമിക്കുകയാണെന്ന് വീഡിയോയിൽ പറുന്നുണ്ട്. 

നിലവിൽ മദ്യനയം പിൻവലിച്ചിരിക്കുകയാണ്. ഗോവയിലോ പഞ്ചാബിലോ തെരഞ്ഞെടുപ്പിന് ഉപയോഗിക്കാനായി മൊത്തം 100 കോടി രൂപ മദ്യ ഭീമന്മാർ എഎപിക്ക് പണമായി നൽകിയെന്നും ബിജെപി അവകാശപ്പെട്ടു. അന്വേഷണ ഏജൻസി ബി.ജെ.പിയുടെ വിപുലമായ യൂണിറ്റ് പോലെയാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ ബി.ജെ.പി ഇക്കാര്യം സിബിഐക്ക് സമർപ്പിക്കണമെന്ന് മനീഷ് സിസോദിയ പറഞ്ഞു.