ഗുണനിലവാരം സംബന്ധിച്ച് വ്യാപക പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ദേശീയ ഡ്രഗ്‌സ് ലബോറട്ടറിയില്‍(സിഡിഎല്‍) പേവിഷ വാക്‌സിന്‍ പരിശോധിക്കുന്നു. ഇതിനായി കേരളത്തില്‍ നിന്ന് ഒരു ബാച്ച് പേവിഷ വാക്സിനും രണ്ട് ബാച്ച് ആന്റിസെറയും പരിശോധനയ്ക്കായി എത്തിച്ചു. റാബിസ് പ്രതിരോധ വാക്സിന്റെ ഗുണനിലവാര പരിശോധനയ്ക്കായി സാമ്പിളുകള്‍ അയച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങളും സ്ഥിരീകരിച്ചു.

നായയുടെ കടിയേറ്റവര്‍ ആന്റി റാബിസ് വാക്‌സിന്‍ എടുത്തിട്ടും മരിക്കുന്ന സാഹചര്യത്തിലാണ് വിഷയം വലിയ ചര്‍ച്ചയായത്. വാക്‌സീനെടുത്ത ആറ് പേരാണ് അടുത്തിടെ മരിച്ചത്. നിലവിലെ വാക്‌സിനെ അതിജീവിക്കും വിധം വൈറസിന് വകഭേദം സംഭവിച്ചോ എന്നാണ് ആരോഗ്യ വകുപ്പ് ആശങ്കപ്പെടുന്നത്. ഇതോടെ വാക്‌സീന്റെ ഗുണനിലവാരം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയക്കുകയായിരുന്നു.

അതേസമയം ആന്റി റാബിസ് വാക്സിനുകളുടെ ഫലപ്രാപ്തി നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള ജനിതക വ്യതിയാനം പേവിഷ ബാധയില്‍ അത്യപൂര്‍വമാണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നുണ്ട്. 95 ശതമാനവും റാബിസ് വൈറസിന് ജനിതകമാറ്റം ഉണ്ടാകാനുള്ള സാദ്ധ്യതയില്ലെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ജനിതക വ്യതിയാനം മുന്‍പും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2010ല്‍ ചൈനയില്‍ റാബിസ് വൈറസുകളെ കുറിച്ചുള്ള പഠനത്തില്‍ നിലവിലുള്ള ആന്റി റാബിസ് വാക്സിനുകളെ അതിജീവിക്കുന്ന വൈറസ് ഗ്രൂപ്പുകളുടെ സാന്നിദ്ധ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ഇത്തരത്തിലുള്ള ജനിതക വൈകല്യം സംഭവിച്ച വൈറസുകള്‍ സംസ്ഥാനത്ത് സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. ഒരുപക്ഷേ വാക്‌സിനെ അതിജീവിക്കുന്ന റാബിസ് വൈറസുകളുണ്ടായാല്‍ പുതിയ വാക്സിന്‍ മാത്രമാണ് പരിഹാരമെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ഇതിനിടെ സംസ്ഥാനത്ത് വിതരണം ചെയ്യുന്ന വാക്സിന്‍ ഫലപ്രദമാണോയെന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട്. ഗുണനിലവാരമുള്ള വാക്സിനാണ് സംസ്ഥാനത്ത് എത്തിക്കുന്നതെന്ന്  കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വാദിക്കുന്നുണ്ടെങ്കിലും വാക്‌സിന്‍ എടുത്തവര്‍ക്കും പേവിഷ ബാധ പിടികൂടുന്ന സാഹചര്യത്തില്‍ ഈ ചോദ്യവും അവശേഷിക്കുകയാണ്. 

സംസ്ഥാനത്ത് എത്തിക്കുന്ന വാക്‌സിന്‍ ആശുപത്രികളില്‍ കൃത്യമായ ശീതീകരണ സംവിധാനത്തില്‍ സൂക്ഷിക്കുന്നുണ്ടോയെന്നുള്ള ചോദ്യവും ഉയരുന്നുണ്ട്. ആന്റി റാബിസ് വാക്സിനും ഇമ്മ്യൂണോഗ്ലോബിനും കുത്തിവയ്ക്കുന്ന സമയത്തേ ശീതീകരണ സംവിധാനത്തില്‍ നിന്ന് പുറത്തെടുക്കാവൂ. എന്നാല്‍ പലയിടങ്ങളിലും സംഭവിക്കുന്നത് അങ്ങനെയല്ലെന്നുള്ള ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനതലത്തില്‍ പഠനം നടത്താനായി വിദഗ്ദ്ധ സമിതി രൂപീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു.