ഇടുക്കി വളകോട്ടിൽ ഭർതൃവീട്ടിൽ ഇരുപത്തിയെട്ടുകാരി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് അറസ്റ്റിൽ. വളകോട് പുത്തൻ വീട്ടിൽ ജോബിഷിനെയാണ് പീരുമേട് ഡിവൈഎസ്പി അറസ്റ്റു ചെയ്തത്.

സ്ത്രീധന പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. ഏലപ്പാറ ഹെലിബറിയ സ്വദേശി എംകെ ഷീജ വെള്ളിയാഴ്ചയാണ് ഭ‍ര്‍ത്താവിൻറെ വീട്ടിൽ ആത്മഹത്യ ചെയ്തത്.

സ്ത്രീധന ബാക്കിയെച്ചൊല്ലി ഭർത്താവ് ജോബീഷും മാതാപിതാക്കളും പീഡിപ്പിച്ചതാണ് അത്മഹത്യക്ക് കാരണമെന്ന് കാണിച്ച് ഷീജയുടെ വീട്ടുകാ‍ർ ഉപ്പുതറ പൊലീസിൽ പരാതി നൽകിയിരുന്നു.

കേസിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിതിനെ തുട‍ര്‍ന്ന് പീരുമേട് ഡിവൈ എസ്പി ജെ കുര്യാക്കേസ് അന്വേഷണം ഏറ്റെടുത്തു. ഷീജയുടെ വീട്ടുകാരുടെ മൊഴികൾ രേഖപ്പെടുത്തി ശേഷം ജോബിഷിനെ ചോദ്യം ചെയ്തു. തുട‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സ്ത്രീധന ബാക്കിയായ രണ്ടു പവൻ സ്വർണത്തെച്ചൊല്ലി പലതവണ ജോബീഷ് ഷീജയെ മർദ്ദിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഷീജക്ക് നൽകിയ സ്വർണ്ണത്തിൽ ഒരു ഭാഗം ഉപ്പുതറയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ജോബീഷ് പണയം വെച്ചിരുന്നു. ഇത് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ജോബീഷിൻറെ മാതാപിതാക്കളെയും കേസിൽ പ്രതി ചേ‍ർത്തിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിന് ശേഷം ഇവരെയും അറസ്റ്റ് ചെയ്യും. അറസ്റ്റ് ചെയ്ത ജോബീഷിനെ പീരുമേട് ഹാജരാക്കി റിമാൻറ് ചെയ്തു.