നടൻ തിലകൻ ജീവിച്ചിരുന്നുവെങ്കിൽ ‘പത്തൊൻപതാം നൂറ്റാണ്ട്’ സിനിമയിൽ നല്ല കഥാപാത്രത്തെ അവതരിപ്പിക്കുമായിരുന്നുവെന്ന് സംവിധായകൻ വിനയൻ. തിലകൻ ചേട്ടൻ ഉണ്ടായിരുന്നുവെങ്കിൽ അദ്ദേഹത്തിന് ‘എന്റെ പത്തൊൻപതാം നൂറ്റാണ്ടി’ൽ സിംഹഗർജ്ജനമുള്ള ഒരു കഥാപാത്രം ഉണ്ടാകുമായിരുന്നു. അദ്ദേഹം വിലക്കിന്റെ പീഡനമനുഭവിച്ച് മരിച്ചത് എന്നെ സംബന്ധിച്ച് വലിയ സങ്കടം നൽകുന്നതാണ്. തിലകൻ ചേട്ടൻ ഒരിക്കലും പ്രതീക്ഷിച്ചില്ല, അദ്ദേഹത്തെപ്പോലൊരു നടന് വിലക്ക് നേരിടേണ്ടി വരുമെന്ന്. സീരിയലിൽ പോലും അഭിനയിക്കാൻ സമ്മതിച്ചില്ല. അദ്ദേഹം എന്റെ മുൻപിൽവച്ച് ഒരിക്കൽ പൊട്ടിത്തെറിച്ച് കരഞ്ഞുപോയി. ഞാനത് ഒരിക്കലും മറക്കുകയില്ല.”- വിനയൻ പറഞ്ഞു. 

ആറാട്ടുപ്പുഴ വേലായുധ പണിക്കരായി സിജു വിൽസനെ അവതരിപ്പിച്ചപ്പോൾ പലരും അദ്ദേഹത്തിന് അത് സാധിക്കുമോ എന്ന് ചോദിച്ചിരുന്നതായും വിനയൻ പറഞ്ഞു. “എന്നോട് പലരും സംശയം പറഞ്ഞു. പക്ഷേ എനിക്ക് അതിൽ യാതൊരു സങ്കോചവുമില്ലായിരുന്നു. 1999-ൽ കലാഭവൻ മണിയെ വളരെ ഗൗരവമുള്ള കഥാപാത്രമാക്കി വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിൽ കൊണ്ടുവന്നു. ദിലീപിന് പകരമാണ് ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ എന്ന സിനിമയിൽ ജയസൂര്യയെ കൊണ്ടുവന്നത്. അതെങ്ങനെ സാധ്യമാകും എന്ന് പലരും ചോദിച്ചിട്ടുണ്ട്. റിസ്ക് എടുക്കാൻ എനിക്ക് ഭയമില്ല. ഈ കഥാപാത്രം എനിക്ക് തന്നാൽ ജീവൻമരണ പോരാട്ടമായിരിക്കും എന്നാണ് സിജു പറഞ്ഞത്. അദ്ദേഹം അത് നന്നായി ചെയ്തു.”- വിനയൻ പറഞ്ഞു.