സൗജന്യ ഓണക്കിറ്റ് ഓണക്കാലത്ത് ലഭിക്കാത്തവര്‍ക്ക് ലഭ്യമാക്കാന്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. റേഷന്‍ കടകളില്‍ എത്തിയവര്‍ക്ക് കിറ്റ് കൊടുക്കാന്‍ കഴിയാത്തവര്‍ക്ക് ടോക്കണ്‍ നല്‍കിയിരുന്നു.

ഇങ്ങനെ ടോക്കണ്‍ ലഭിച്ചവര്‍ക്കാണ് കിറ്റ് എത്തിച്ചു നല്‍കുക. ഏത് റേഷന്‍കടകളില്‍നിന്നും കിറ്റ് വാങ്ങാന്‍ സൗകര്യമുണ്ടായിരുന്നതിനാല്‍ ചില മേഖലകളിലാണ് ഇത്തരത്തില്‍ ക്ഷാമം നേരിട്ടിരുന്നതായാണ് റേഷന്‍കടക്കാരുടെ വിശദീകരണം. ആഗസ്ത് 23 മുതല്‍ സെപ്തംബര്‍ ഏഴുവരെയായിരുന്നു കിറ്റ് വിതരണം.

അതേസമയം അര്‍ഹതപ്പെട്ടവര്‍ക്ക് മുഴുവന്‍ കിറ്റുകള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞതായാണ് വകുപ്പിന്റെ വിലയിരുത്തല്‍. ടോക്കണുകള്‍ റേഷന്‍ ഇന്‍സ്പെക്ടര്‍മാര്‍ പരിശോധിച്ചശേഷമാകും ഇനി കിറ്റുകള്‍ നല്‍കുക. എത്ര ടോക്കണ്‍ നല്‍കിയിട്ടുണ്ടെന്ന് കണക്ക് ഭക്ഷ്യവകുപ്പ് ശേഖരിച്ചുവരികയാണ്. 87.25 ലക്ഷം കിറ്റുകളാണ് രണ്ടുഘട്ടങ്ങളിലായി സപ്ലൈകോ തയ്യാറാക്കിയത്. 8569583 പേര്‍ കിറ്റ് വാങ്ങി.

9288126 റേഷന്‍ കാര്‍ഡ് ഉടമകളാണ് സംസ്ഥാനത്ത് ഉള്ളത്. കോവിഡ് സാഹചര്യം നിലനിന്ന കഴിഞ്ഞവര്‍ഷം 8692064 പേര്‍ ഓണക്കിറ്റ് വാങ്ങിയിരുന്നു. ആ വര്‍ഷം 50ദിവസം കിറ്റ് വിതരണമുണ്ടായിരുന്നു. ശരാശരി 87 ലക്ഷംപേര്‍ ഓണക്കിറ്റ് കൈപ്പറ്റാറുണ്ടെന്നാണ് കണക്ക്.