രാഹുല്‍ ഗന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളാ പര്യടനത്തിന് തലസ്ഥാനത്ത് തുടക്കം. തിരുവനന്തപുരം വെങ്ങാനൂര്‍ അയ്യങ്കാളി സ്മൃതി മണ്ഡപത്തില്‍ രാഹുല്‍ പുഷ്പാര്‍ച്ചന നടത്തി. യാത്രക്ക് കേരളത്തില്‍ നല്‍കിയ വന്‍ വരവേല്‍പ്പിന് നന്ദിയറിയിച്ച രാഹുല്‍, ശ്രീനാരായണ ഗുരുവിന്റ സന്ദേശമാണ് ഭാരത് ജോഡോ യാത്രയിലൂടെ സാധ്യമാക്കുന്നതെന്നും വിശദീകരിച്ചു. ‘ഒന്നിച്ച്‌ നില്‍ക്കുന്നവരാണ് കേരളീയര്‍. ഭിന്നിപ്പിക്കുന്നവരെ അനുവദിക്കില്ലെന്നതാണ് ഈ നാടിന്റെ പ്രത്യേകത. പാര്‍ലമെന്റ് ജനപ്രതിനിധിയെന്ന നിലയില്‍ കേരളത്തെ മനസിലാക്കാന്‍ തനിക്ക് സാധിച്ചുവെന്നും രാഹുല്‍ വിശദീകരിച്ചു. നല്ല വിദ്യാഭ്യാസ സമ്പ്രദായം കേരളത്തിനുണ്ട്. പക്ഷെ, എന്തുകൊണ്ടാണ് കേരളം മുന്നിലെത്തിയതെന്ന് ആരും ചോദിക്കുന്നില്ല. ഐക്യമാണ് കേരളത്തിന്റെ പ്രത്യേകത. ജനങ്ങളെ ഭിന്നിപ്പിക്കാന്‍ കേരളം അനുവദിക്കില്ല. കേരളത്തിലുള്ള ആ ഐക്യത്തിന്റെ സന്ദേശം രാജ്യം മുഴുവന്‍ പടര്‍ത്തുന്നതിനാണ് ഈ യാത്രയെന്നും അദ്ദേഹം വിശദീകരിച്ചു.
രാഹുല്‍ ഗന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനത്തിന് തിരുവനന്തപുരം പാറശാലയില്‍ വന്‍ ജനാവലിയുടെ അകമ്പടിയോടെയാണ് തുടക്കമായത്. യാത്രയ്ക്കിടെ കെ റെയില്‍ വിരുദ്ധ പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീധര്‍ രാധാകൃഷ്ണനുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തി. ഇന്ന് വിഴിഞ്ഞം തുറമുഖ സമരം പ്രതിനിധികളെ രാഹുല്‍ കാണും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, ശശി തരൂര്‍ തുടങ്ങി സംസ്ഥാനത്തെ പ്രധാന നേതാക്കളെല്ലാം യാത്രയിലുടനീളം ഒപ്പം നടന്നു. രാജ്യത്തെ ഒന്നിപ്പിക്കുക എന്ന മുദ്രാവാക്യത്തോടൊപ്പം, പാര്‍ട്ടിയിലെ ഭിന്നതകള്‍ ചര്‍ച്ചയാകാതിരിക്കാന്‍ ജാഗ്രതയോടെയാണ് നേതാക്കള്‍ പ്രതികരിച്ചത്. പദയാത്ര ഏറ്റവുമധികം ദിവസങ്ങള്‍ ചെലവഴിക്കുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. 18 ദിവസത്തെ കേരളത്തിലെ യാത്രയിലുടനീളം മുഴുവന്‍ സംഘടനാ ശേഷിയും വിന്യസിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.