വിശ്വാസ ദീപ്തിയിൽ മണർകാട് പള്ളിയിലെ വിശുദ്ധ ദൈവമാതാവിൻ്റെ നട തുറന്നു. ആഗോള മർത്തമറിയം തീർത്ഥാടന കേന്ദ്രമായ കോട്ടയം മണർകാട് സെൻ്റ്.മേരീസ് കത്തീഡ്രലിലെ എട്ടുനോമ്പാചരണത്തിന്റെ പ്രധാന ചടങ്ങായ നടതുറക്കൽ ദർശിക്കാൻ വിശ്വാസ സാഗരമാണ് ദേവാലയത്തിലേക്ക് എത്തിചേർന്നത്.

വലിയ പള്ളിയിൽ ഉച്ച നമസ്ക്കാര പ്രാർത്ഥനകളോടെയാണ് പ്രധാന മദ്ബഹയിലെ ത്രോണോസിൽ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ദൈവമാതാവിൻ്റെയും, ഉണ്ണിയേശുവിനെയും തിരുസ്വരൂപം വിശ്വാസ സഹസ്രങ്ങൾക്ക് അനുഗ്രഹ പുണ്യം ചൊരിഞ്ഞ് തുറന്നത്.

യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായും, മറ്റ് മെത്രാപ്പൊലീത്താമാരും, വൈദികരും പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.

വർഷത്തിലൊരിക്കൽ എട്ടു നോമ്പാചരണത്തോടനുബന്ധിച്ച് മാത്രമാണ് തിരുസ്വരൂപം ദർശനത്തിന് തുറന്നു നൽകുന്നത് എന്ന പ്രത്യേകതയും ഉണ്ട്. നാളെ എട്ടു നോമ്പാചരണത്തിനും, പെരുന്നാളിനും സമാപനമാകും. സെപ്തംബർ 14 നാണ് നട അടയ്ക്കുന്നത്.