ബി ജെ പി യുടെ ആശീര്‍വാദത്തില്‍ രൂപീകരിക്കുന്ന ക്രൈസ്തവ സംഘടനയായ ഭാരതീയ ക്രൈസ്തവ സംഗമത്തിന് സെപ്തംബര്‍ 17 ന് തുടക്കം കുറിക്കും. കേരളത്തിലെ ക്രൈസ്തവ സഭകളെ മുഴുവന്‍ ബി ജെ പിക്കൊപ്പം അണിനിരത്തുക എന്ന ലക്ഷ്യം വച്ച് രൂപീകരിക്കുന്ന ഈ സംഘടനക്ക് ചുക്കാന്‍ പിടിക്കുന്നത് കേരളാ കോണ്‍ഗ്രസിന്റെ മുന്‍ നേതാവും എം എല്‍ എ യുമായിരുന്ന ജോര്‍ജ്ജ് ജെ മാത്യുവാണ്.

ബി ജെ പി അഖിലേന്ത്യാ നേതൃത്വത്തിന്റെ ആശീര്‍വാദത്തോടെ രൂപീകരിക്കുന്ന ക്രൈസ്തവസംഗമം വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പാര്‍ട്ടിയായി മാറും. അതിന് ശേഷം എന്‍ ഡി എ യുടെ ഘടകകക്ഷിയായി അത് മാറുമെന്നാണ് കണക്കു കൂട്ടുന്നത്. കേരളാ കോണ്‍ഗ്രസില്‍ നിന്നടക്കമുള്ള മുതിര്‍ന്ന ചില നേതാക്കളാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. കേരളത്തില്‍ മാറി മാറി അധികാരത്തില്‍ വരുന്ന രാഷ്ട്രീയ മുന്നണികള്‍ ക്രൈസ്തവരെ അവഗണിക്കുന്നുവെന്ന ശക്തമായ വിമര്‍ശനമുയര്‍ത്തിയാണ് ഇവര്‍ ആദ്യം സാമൂഹ്യ സംഘടനയും പിന്നീട് രാഷ്ട്രീയ പാര്‍ട്ടിയും രൂപീകരിക്കുന്നത്.

കഴിഞ്ഞ ദിവസം തലശേരി അതിരൂപതയുടെ ഇടയലേഖനം വീണ്ടും ലൗ ജിഹാദ് വിവാദത്തെ ജനശ്രദ്ധയില്‍ കൊണ്ടുവന്നത് ഇതിന്റെ പശ്ചാത്തലത്തിലാണ്.മുസ്‌ളീം തീവ്രവാദ ഗ്രൂപ്പുകള്‍ ക്രൈസ്തവ പെണ്‍കുട്ടികളെ പ്രണയക്കെണിയില്‍ പെടുത്തുന്നുവെന്ന ആരോപണം ഇടയലേഖനം വീണ്ടും ഉയര്‍ത്തിരുന്നു.

മുന്‍ എം എല്‍ എ മാരും എം പിമാരും ചില പ്രമുഖ ക്രിസ്ത്യന്‍ ബിഷപ്പുമാരും കഴിഞ്ഞ ദിവസം കളമശേരിയില്‍ ഒത്ത് ചേര്‍ന്ന് സംഗമത്തിന്റെ നടത്തിപ്പിനെക്കുറിച്ച് വിപുലമായി ചര്‍ച്ച ചെയ്തിരുന്നു.

കേരളത്തില്‍ ബിജെപിയുടെ അടിത്തറ ശക്തിപ്പെടുത്താനുള്ള അവസരങ്ങള്‍ ഒരുക്കുന്നതിനിടെ ബിജെപി ദേശീയ നേതാക്കള്‍ ക്രിസ്ത്യന്‍ മത മേധാവികളുമായി കൂടിക്കാഴ്ച നടത്തയിരുന്നു. 2011 ലെ സെന്‍സസ് പ്രകാരം ക്രിസ്ത്യന്‍ ജനസംഖ്യ 18.38% ആണ്. കേരളത്തിലെ ഏത് രാഷ്ട്രീയ പാര്‍ട്ടിക്കും ക്രിസ്ത്യന്‍ സമൂഹത്തിന്റെ പിന്തുണ ഒഴിവാക്കാന്‍ പ്രയാസമാണ്. ഇത് മുന്‍ നിര്‍ത്തിയാണ് ക്രൈസ്തവ സമുദായത്തെ ചാക്കിലാക്കാന്‍ ബി ജെ പി പരിശ്രമിക്കുന്നത്. കഴിഞ്ഞ വര്‍ഷം പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ‘നാര്‍ക്കോട്ടിക് ജിഹാദ്’ ആരോപണം ഉന്നയിച്ചപ്പോള്‍ അദ്ദേഹത്തിന് ആദ്യം പ്രതിരോധ കവചം തീര്‍ത്തത് ബി.ജെ.പിയായിരുന്നു എന്നതും ശ്രദ്ധേയമാണ്.