തിരുവനന്തപുരം: വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെതിരെ 19 കേസുകളുണ്ടെന്ന വാദം തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഫർസീൻ മജീദിനെതിരെ ഏഴ് കേസുകൾ മാത്രമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സെപ്റ്റംബർ ഒന്നിന് ഡോ. എം.കെ. മുനീർ എം.എൽ.എക്ക് നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം മുഖ്യമന്ത്രി വിശദീകരിച്ചത്. വിമാനത്തിനുള്ളിലെ പ്രതിഷേധം അടക്കം ഏഴു കേസുകളാണ് ഫർസീനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ആറും മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തതാണ്.

ശുഹൈബ് വധത്തിന് പിന്നാലെ നടന്ന സംഘർഷങ്ങളുടെയും പ്രകടനങ്ങളുടെയും പേരിലാണ് കൂടുതൽ കേസുകളും. ജിഷ്ണു പ്രണോയിയുടെ അമ്മയെ പൊലീസ് വലിച്ചിഴച്ചതിനെതിരെ കെ.എസ്.യു നടത്തിയ പ്രകടനത്തിലെ സംഘർഷത്തെ തുടർന്നുള്ളതാണ് ഒരു കേസ്. 

നിയമസഭയിൽ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച ഫർസീൻ മജീദിനെ ജൂലൈ 20ന് സഭയിൽ ന്യായീകരിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷത്തെ പരിഹസിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്. ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖമന്ത്രിയുടെ വാദം പൊളിച്ച് ഫർസീൻ മജീദിനെതിരായ കേസുകളുടെ എണ്ണം സഭയിൽ വ്യക്തമാക്കിയിരുന്നു.