കൊല്ലം: ബോട്ട് മാര്‍ഗ്ഗം ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച 11പേര്‍ പിടിയിലായി. കൊല്ലം നഗരത്തിലെ ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്.  ഇതില്‍ 2 പേര്‍ ശ്രീലങ്കന്‍ സ്വദേശികളും 9 പേര്‍ തമിഴ്നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നുള്ളവരുമാണ്. കൂടുതല്‍ പേര്‍ കൊല്ലത്ത് എത്തിയതായാണ് സൂചന. ലോഡ്ജില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഇവരെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. ക്യു ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

കഴിഞ്ഞ ആഗസ്റ്റ് 19 ന് ശ്രീലങ്കയില്‍ നിന്നും 2 പേര്‍ ടൂറിസ്റ്റ് വിസയില്‍ ചെന്നൈയില്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇവരെ കാണാതായി. ഇവരെക്കുറിച്ച് തമിഴ്‌നാട് ക്യൂബ്രാഞ്ച് തമിഴ്‌നാട്ടിലും അയല്‍സംസ്ഥാനങ്ങളിലും അന്വേഷണം നടത്തിവരികയായിരുന്നു. സംസ്ഥാനത്തെ എല്ലാ സിറ്റി പൊലീസ് കമ്മീഷണര്‍മാര്‍ക്കും വിവരം കൈമാറിയിരുന്നു. ഇതിന്റെ ഭാഗമായി കൊല്ലം നഗരത്തിലെ വിവിധ ലോഡ്ജുകളില്‍ പൊലീസ് നടത്തിയ തെരച്ചിലിലാണ് 11 ശ്രീലങ്കന്‍ പൗരന്‍മാര്‍ അറസ്റ്റിലായത്. 

മൂന്നുമുറികളിലായാണ് ഇവര്‍ കഴിഞ്ഞിരുന്നത്. തമിഴ് നാട്ടിലെ ഏജന്റിന്റെ നിര്‍ദേശപ്രകാരമാണ് കൊല്ലത്തെത്തിയത് എന്നാണ് പിടിയിലായവര്‍ പൊലീസിനോട് പറഞ്ഞത്. ശ്രീലങ്കയിലുള്ള ലക്ഷ്മണ എന്ന ഏജന്റാണ് ഇവരെ കൊല്ലത്ത് എത്തിച്ചതെന്നാണ് സൂചന. കേരളത്തില്‍ തങ്ങള്‍ക്ക് ഒരു ഏജന്റുണ്ടെന്നും, അദ്ദേഹത്തെ ബന്ധപ്പെട്ടാല്‍ മതിയെന്നുമാണ് ഇവര്‍ക്ക് ലഭിച്ചിരുന്ന അറിയിപ്പ്.

അതേസമയം, പിടിയിലായ 11 പേരില്‍ കൂടാതെ സംഘത്തില്‍കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് നിഗമനം.85 പേരോളം സംഘത്തിലുണ്ടാകുമെന്നാണ് കരുതുന്നത്. ഇതിന് പുറമെ ഈ ഹോട്ടലിലേക്ക് 9 പേര്‍ എത്തിയിരുന്നെന്നും മുറി ഇഷ്ടപ്പെടാത്തതിനാല്‍ തിരിച്ചുപോയെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊല്ലത്തുള്ള ഏജന്റിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.