ഒരു കപ്പ് ചായില്‍ നിന്നാകും നമ്മളില്‍ പലരും ദിവസം ആരംഭിക്കുന്നത്. എന്നാല്‍ നിങ്ങള്‍ നിത്യേന ടീ ബാഗ് ഉപയോഗിച്ചാണ് ചായ കുടിക്കുന്നതെങ്കില്‍ അതു നിര്‍ത്താനുളള സമയം അതിക്രമിച്ചു കഴിഞ്ഞു. ഈ ടീ ബാഗുകള്‍ ഗുണത്തേക്കാള്‍ കൂടുതല്‍ ദോഷമായിരിക്കും ചെയ്യുന്നതെന്ന് നിങ്ങള്‍ക്ക് എത്ര പേര്‍ക്കറിയാം?

മോന്‍ട്രിയലിലുളള മക്ക്ഗില്‍ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ ഗവേഷണം അനുസരിച്ച് ഒരു പ്ലാസ്റ്റിക്ക് ടീ ബാഗില്‍ നിന്ന് 11.6 ബില്യൺ മൈക്രോ പ്ലാസ്റ്റിക്കുകളും 3.1 ബില്യൺ നാനോ പ്ലാസ്റ്റിക്കുകളും പുറന്തളളപ്പെടുന്നുണ്ട്. ടീ ബാഗുകള്‍ പുറന്തളളുന്ന ഹാനികരമായ പദാര്‍ത്ഥങ്ങളെ പറ്റി പറയുകയാണ് പോഷകാഹാര വിദഗ്ധ രാഷി ചൗധരി. ”ചൂടു വെളളത്തില്‍ ഇടകലര്‍ന്ന് ടീ ബാഗുകള്‍ മൈക്രോ, നാനോ പ്ലാസ്റ്റിക്കുകള്‍ പുറന്തളളുന്നു. പോളിപ്രൊപ്പിലിന്‍ എന്ന മോശം പ്ലാസ്റ്റിക്ക് രൂപപ്പെടാന്‍ ടീ ബാഗുകള്‍ ഉണ്ടാക്കുന്ന നൈലോണ്‍ കാരണമാകുന്നു,” രാഷി പറയുന്നു.

ടീ ബാഗുകള്‍ പൊട്ടാതിരിക്കാന്‍ ഉപയോഗിക്കുന്ന എപ്പിക്ലോറോഹൈഡ്രിന്‍ എന്ന വിഷാംശം ചൂടു വെളളത്തില്‍ കലര്‍ന്ന് കാന്‍സറിനു കാരണമായ കാര്‍സീനോജെന്‍ ഉത്പാദിപ്പിക്കുന്നു. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ ഉളളവരും ടീ ബാഗുകള്‍ ഉപയോഗിക്കുന്നത് പേടിപ്പെടുത്തുന്ന കാര്യമാണ്” രാഷി കൂട്ടിച്ചേര്‍ത്തു.

ഫാരിദാബാദിലെ ഫോര്‍ട്ടിസ് എസ്‌ക്കോട്ടസ് ആശുപത്രിയിലെ ഡയറ്റീഷ്യന്‍ ഡോക്ടര്‍ കിരണ്‍ ദലാല്‍ ഈ വാദം അംഗീകരിക്കുന്നുണ്ട്. ”ടീ ബാഗുകള്‍ക്കു പൊതുവേ എപ്പിക്ലോറോഹൈഡ്രിന്‍ കോട്ടിങ് ഉണ്ടാകും. ഇവ ചൂടു വെളളത്തില്‍ ഇടുമ്പോള്‍ വിഷാംശമുളള പാനീയം ഉണ്ടാകുന്നു,” കിരണ്‍ പറഞ്ഞു. കാൻസറിനു കാരണമായ സെല്ലുകള്‍ രൂപപ്പെടാന്‍ ഇവ വഴിയൊരുക്കുമെന്നും കിരണ്‍ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.

പൊടി രൂപത്തിലുളള തേയില ഉപയോഗിക്കുന്നതായിരിക്കും കൂടുതല്‍ നല്ലതെന്ന് വിദഗ്ധർ പറയുന്നു. തുണി കൊണ്ടുളള ടീ ബാഗുകള്‍ ഈ പ്രശ്‌നങ്ങളെല്ലാം അകറ്റുമെന്ന് ഡോ.കിരണ്‍ അഭിപ്രായപ്പെട്ടു.