തിരുവനന്തപുരം: ജോലി ഒഴിവാക്കി ഓണാഘോഷം നടത്താൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഓണസദ്യ മാലിന്യത്തിലെറിഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിലെ ചാലാ സർക്കിളിലെ ഒരു വിഭാഗം ശുചീകരണ തൊഴിലാളികളാണ് ഓണസദ്യയ്ക്കായ് തയ്യാറാക്കിയ ചോറും കറികളും എയറോബിക് ബിന്നിൽ ഉപേക്ഷിച്ചത്.

തിരുവനന്തപുരം കോർപ്പറേഷനിലെ സർക്കിൾ ഓഫീസുകളിൽ ഇന്നലെയായിരുന്നു ഓണാഘോഷം. ഓഫിസ് പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിലാവണം ഓണാഘോഷമെന്ന് നേരത്തെ തന്നെ സെക്രട്ടറി നിർദേശം നൽകിയിരുന്നു. എന്നാൽ തൊഴിലാളികൾ രാവിലെ തന്നെ ആഘോഷം തുടങ്ങാൻ ശ്രമിച്ചു. ഓണാഘോഷം ജോലി കഴിഞ്ഞ് മതിയെന്ന് ഹെൽത്ത് ഇൻസ്പെക്ടർ നിർദേശിച്ചു. ഇതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്.

ശുചീകരണ ജോലി കഴിഞ്ഞെത്തിയ സിഐടിയുവിന്റെ നേതൃത്വത്തിലെ ഒരു വിഭാഗം ജീവനക്കാരാണ് ഓണസദ്യ മാലിന്യം ശേഖരിക്കുന്ന എയറോബിക് ബിന്നിലെറിഞ്ഞത്. മുപ്പതോളം പേർക്ക് കഴിക്കാവുന്ന ഭക്ഷണമാണ് മാലിന്യത്തിലേക്കിട്ടത്. ഓണാഘോഷം തടയാൻ ഉദ്യോഗസ്ഥർ ശ്രമിച്ചതിലുള്ള പ്രതിഷേധത്തെ തുടർന്നാണ് ഭക്ഷണം മാലിന്യത്തിലേക്കെറിഞ്ഞതെന്നാണ് യൂണിയന്റെ ന്യായീകരണം.