ന്യൂഡല്‍ഹി: അമേരിക്കന്‍ കാപ്പി കമ്പനി ഭീമനായ സ്റ്റാര്‍ബക്സിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സി.ഇ.ഒ) ഇന്ത്യന്‍ വംശജനായ ലക്ഷ്മണ്‍ നരസിംഹനെ നിയമിച്ചു. നിലവിലെ സി.ഇ.ഒ ഹോവാര്‍ഡ് ഷുള്‍ട്സിന് പകരക്കാരനായാണ് ലക്ഷ്മണ്‍ എത്തുന്നത്. ഡ്യൂറെക്‌സ് കോണ്ടം, എന്‍ഫാമില്‍ ബേബി ഫോര്‍മുല, മ്യൂസിനെക്‌സ് കോള്‍ഡ് സിറപ്പ് എന്നിവ നിര്‍മ്മിക്കുന്ന റെക്കിറ്റിന്റെ സി.ഇ.ഒ ലക്ഷ്മണ്‍ നരസിംഹനായിരുന്നു.

മുമ്പ് പെപ്സികോയില്‍ ഗ്ലോബല്‍ ചീഫ് കൊമേഴ്സ്യല്‍ ഓഫീസറായും ഈ 55-കാരന്‍ പ്രവര്‍ത്തിച്ചു. ഒക്ടോബര്‍ ഒന്നിന് ലക്ഷ്മണ്‍ നരസിംഹന്‍ കമ്പനിയില്‍ ചേരുമെങ്കിലും 2023 ഏപ്രിലിലേ ചുമതലയേല്‍ക്കുകയുള്ളുവെന്ന് സ്റ്റാര്‍ബക്സ് അറിയിച്ചു. അതുവരെ താല്‍ക്കാലിക സി.ഇ.ഒ ആയി ഹോവാര്‍ഡ് ഷുള്‍ട്സ് കമ്പനിയെ നയിക്കും. ഏപ്രില്‍ ഒന്ന് വരെ അദ്ദേഹം ഹോവാര്‍ഡ് ഷുള്‍ട്സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.

ചൈനയിലെ കൊവിഡ് നിയന്ത്രണങ്ങള്‍ കമ്പനിയുടെ വ്യാപാരത്തിനെ മന്ദഗതിയിലാക്കിയിരുന്നു. എന്നാല്‍, ഏപ്രില്‍, ജൂണ്‍ മാസങ്ങളില്‍ യു.എസിലെ ശക്തമായ വില്‍പ്പന കാരണം സ്റ്റാര്‍ബക്സിന് വലിയ ഡിമാന്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ”ശക്തമായ ഉപഭോക്തൃ ബ്രാന്‍ഡുകള്‍ നിര്‍മ്മിക്കുന്നതില്‍ ആഴത്തിലുള്ള അനുഭവപരിചയമുള്ള തന്ത്രജ്ഞനാണ് അദ്ദേഹം”- നരസിംഹനെ സ്വാഗതം ചെയ്തുകൊണ്ട് ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ ഹോവാര്‍ഡ് ഷുള്‍ട്‌സ് പറഞ്ഞു.


ലക്ഷ്മണന്‍ നരസിംഹന്‍ ആര്?

പൂനെ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ലക്ഷ്മണ്‍ നരസിംഹന്‍ പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ ലോഡര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ജര്‍മ്മന്‍, അന്തര്‍ദേശീയ പഠനങ്ങളില്‍ ബിരുദാനന്തര ബിരുദം നേടി. യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയയിലെ വാര്‍ട്ടണ്‍ സ്‌കൂളില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

2019 സെപ്റ്റംബറില്‍ അദ്ദേഹം റെക്കിറ്റില്‍ ചേരുകയും കോവിഡ് -19 മഹാമാരിക്കിടെ കമ്പനിയെ നയിക്കുകയും ചെയ്തു. ഇത് കമ്പനിയുടെ ആരോഗ്യ, ശുചിത്വ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വര്‍ധിപ്പിച്ചു. പെപ്സികോയില്‍ ഗ്ലോബല്‍ ചീഫ് കൊമേഴ്സ്യല്‍ ഓഫീസറായും സേവനമനുഷ്ഠിച്ച അദ്ദേഹം ലാറ്റിനമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടവും വഹിച്ചു.

കണ്‍സള്‍ട്ടിങ് സ്ഥാപനമായ മക്കിന്‍സി ആന്‍ഡ് കമ്പനിയുടെ സീനിയര്‍ പാര്‍ട്ണറായും നരസിംഹന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇവിടെ യു.എസ്, ഏഷ്യ, ഇന്ത്യ എന്നിവിടങ്ങളിലെ ഉപഭോക്തൃ, റീട്ടെയില്‍, സാങ്കേതിക സമ്പ്രദായങ്ങളില്‍ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. ലക്ഷ്മണ്‍ നരസിംഹന്‍ സി.ഇ.ഒ സ്ഥാനം ഒഴിയുമെന്ന് വ്യാഴാഴ്ച റെക്കിറ്റ് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് റെക്കിറ്റിന്റെ ഓഹരികള്‍ നാല് ശതമാനം ഇടിഞ്ഞു.