ട്രെന്‍ഡണ്‍: ന്യൂജേഴ്‌സിയിലെ കടല്‍ത്തീരത്ത് നിര്‍മിക്കുന്ന കടല്‍പ്പാലത്തിന്റെ ആകൃതിയെച്ചൊല്ലി പുതിയ വിവാദം. കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് തകര്‍ന്ന കടല്‍പ്പാലത്തിനു പകരം നിര്‍മിക്കുന്ന പുതിയ കടല്‍പ്പാലത്തിന് കുരിശിന്റെ ആകൃതിയാണ് ഉള്ളതെന്നും ഇത് മറ്റു മതസ്ഥരുടെ താത്പര്യങ്ങള്‍ പരിഗണിക്കാതെ സ്വീകരിച്ച തീരുമാനമാണെന്നുമാണ് ആരോപണം.

പ്രദേശത്ത് ശക്തമായ സാന്നിധ്യമായ മെത്തഡിസ്റ്റ് മിനിസ്ട്രി ക്യാംപാണ് കുരിശാകൃതിയില്‍ കടല്‍പ്പാലം നിര്‍മിക്കാനുള്ള ആശയത്തിനു പിന്നിലെന്നും ഇത് ക്രിസ്ത്യന്‍ ബുള്ളിയിങ് ആണെന്നുമാണ് പ്രിസ്ബിറ്റീരിയന്‍ പാസ്റ്ററായ ഡഗ്ലസ് ഗ്രോട്ടിന്റെ വിമര്‍ശനം. വിഷയത്തില്‍ ഇടപെടണമെന്ന് സംസ്ഥാനത്തെയും പ്രദേശത്തെയും ഉദ്യോഗസ്ഥരോടും പാസ്റ്റര്‍ ആവശ്യപ്പെട്ടു. പുതിയ നിര്‍മാണത്തിനെതിരേ ആരോപണവുമായി പ്രദേശത്തെ ന്യൂനപക്ഷ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

താനൊരു ക്രിസ്തുമത വിശ്വാസിയാണെന്നും എന്നാല്‍ വിശ്വാസത്തിന്റെ ഭാഗമായ കുരിശ് ഓഷ്യന്‍ ഗ്രൂവ് തീരത്ത് ഒരു വിദ്വേഷത്തിന്റെ ചിഹ്നമായി നിലകൊള്ളുമോ എന്ന ഭയമുണ്ടെന്നുമാണ് പാസ്റ്റര്‍ ഗ്രോട്ട് ഒരു ലേഖനത്തില്‍ വ്യക്തമാക്കിയത്. 13 ലക്ഷം ഡോളര്‍ മുതല്‍മുടക്കില്‍ 500 അടി നീളമുള്ള കടല്‍പ്പാലത്തിന് കഴിഞ്ഞ ജൂലൈ 30നാണ് തറക്കല്ലിട്ടത്.

അതേസമയം, കുരിശാകൃതിയില്‍ കടല്‍പ്പാലം നിര്‍മിക്കുന്നതില്‍ കുഴപ്പമില്ലെന്നും കുരിശിന്റെ ആകൃതിയിലുള്ള നിര്‍മാണത്തില്‍ സന്തോഷം മാത്രമേയുള്ളൂ എന്നുമാണ് മെത്തഡിസ്റ്റ് ഗ്രൂപ്പിന്റെ സിഒഒ ജെയ്മി ജാക്‌സണ്‍ പറഞ്ഞത്. ഇതൊരു മതപരമായി പ്രാധാന്യമുള്ള സ്ഥലമാണെന്നും ഇതിന് അനുയോജ്യമായ രീതിയിലാണ് നിര്‍മാണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഏസ്ബറി പാര്‍ക്കിന് തെക്കുവശത്തായി സ്ഥിതി ചെയ്യുന്ന ഓഷ്യന്‍ ഗ്രൂവ് 1869ല്‍ ഒരു മെത്തഡിസ്റ്റ് സമ്മര്‍ ക്യാംപ് എന്ന രീതിയിലാണ് ആരംഭിച്ചത്. ഇവിടെയിപ്പോള്‍ 3,100 സ്ഥിരതാമസക്കാരുണ്ട്. പ്രദേശത്തെ മുഴുവന്‍ ഭൂമിയും ബീച്ചും മെത്തഡിസ്റ്റ് ക്യാംപ് മീറ്റിങ് അസോസിയേഷന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇവിടെ കടല്‍പ്പാലം നിര്‍മിക്കാനുള്ള മുഴുവന്‍ തുകയും അസോസിയേഷന്‍ തന്നെയാണ് കണ്ടെത്തുന്നത് എന്നിരിക്കേ സര്‍ക്കാര്‍ ഫണ്ടും ആവശ്യമില്ല.

എന്നാല്‍ കടല്‍പ്പാലം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്നും ആര്‍ക്കും ഇത് സൗജന്യമായി ഉപയോഗിക്കാമെന്നുമാണ് അസോസിയേഷന്‍ വ്യക്തമാക്കുന്നത്. അസോസിയേഷന്‍ സ്വന്തം നിലയ്ക്ക് നിര്‍മിക്കുന്ന കടല്‍പ്പാലത്തില്‍ ഇടപെടാന്‍ സര്‍ക്കാരിനും പരിമിതിയുണ്ട്. ഇതേപ്പറ്റി പരാതി ലഭിച്ചിട്ടില്ലെന്നും മെത്തഡിസ്റ്റ് വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് വര്‍ഷത്തോളം ഈ പദ്ധതി രേഖയായി ഉണ്ടായിരുന്നിട്ടും ആരും പരാതി ഉന്നയിച്ചിട്ടില്ലെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.