262 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയുമുള്ള യുദ്ധകപ്പല്‍ കമ്മീഷന് ചെയ്തതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ നാവിക ശക്തികളുടെ പട്ടികയില്‍ ഇന്ത്യയും സ്ഥാനം പിടിച്ചു. ഇതോടെ യുഎസ്, യുകെ, റഷ്യ, ചൈന, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ചേര്‍ന്നു
അത്യാധുനിക ഓട്ടോമേഷന്‍ ഫീച്ചറുകള്‍ അടക്കമുള്ള കാരിയര്‍ കൊച്ചിന് ഷിപ്പ്യാര്ഡില് നിന്നുമാണ് പ്രധാനമന്ത്രി കമ്മീഷന് ചെയ്തിരിക്കുന്നത്. രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളും 100-ലധികം എംഎസ്എംഇകളും വിതരണം ചെയ്ത തദ്ദേശീയ ഉപകരണങ്ങളും യന്ത്രങ്ങളും ഉപയോഗിച്ചാണ് യുദ്ധക്കപ്പല്‍ നിര്‍മ്മിച്ചിരിക്കുന്നത്.
20,000 കോടി രൂപ ചെലവില്‍ ഇന്ത്യയുടെ ചരിത്രത്തില്‍ ഇതുവരെ നിര്‍മിച്ചതില്‍ വച്ച് ഏറ്റവും വലിയ കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ യുദ്ധകപ്പലായ ഐഎന്‍എസ് വിക്രാന്തിലെ സൗകര്യങ്ങളും ഏവരേയും അതിശയിപ്പിക്കുന്നതാണ്.
മിഗ്-29കെ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ഉള്‍പ്പെടെ 30 വിമാനങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളിക്കാനാകും. ഏകദേശം 1,600 ജീവനക്കാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. ഇവര്‍ക്കെല്ലാം കഴിക്കുന്നതിനുവേണ്ടി മണിക്കൂറില്‍ 3,000 ചപ്പാത്തികള്‍ ഉണ്ടാക്കുന്നതിനുള്ള മെഷിനും വിക്രാന്തില്‍ ഉണ്ട്. റഷ്യന്‍ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച ഐഎന്‍എസ് വിക്രമാദിത്യയ്ക്ക് ശേഷം രാജ്യത്തെ രണ്ടാമത്തെ വിമാനവാഹിനിക്കപ്പലാണിത്.
18 നിലകളുള്ള കപ്പലിന്റെ വലിപ്പം ഒരു അറ്റം മുതല്‍ അവസാന അറ്റം വരെ രണ്ട് ഫുട്ബോള്‍ മൈതാനങ്ങളുടെ വലിപ്പമാണിള്ളത്. വിമാനവാഹിനിക്കപ്പലിന്റെ എയര്‍ക്രാഫ്റ്റ് ഹാംഗര്‍ രണ്ട് ഒളിമ്പിക്സ് പൂളുകളോളം വലിപ്പത്തിലുള്ളതാണ്.
ഇതിനെല്ലാം പുറമെ, 16 കിടക്കകളുള്ള ആശുപത്രി, 250 ഇന്ധനടാങ്കറുകള്‍, 2,400 കമ്പാര്‍ട്ടുമെന്റുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് യുദ്ധക്കപ്പല്‍. ഒരു ദശാബ്ദത്തിലേറെ സമയമെടുത്താണ് നിര്‍മിച്ചിരിക്കുന്നത്.