ന്യൂഡല്‍ഹി: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ ടെക്‌നിക്കല്‍ ഓഫിസര്‍ തസ്തികയില്‍ ബന്ധുനിയമനം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന്‍ കെ എസിന്റെ നിയമനത്തെ ചൊല്ലിയാണ് വിവാദം. ബിടെക് അടിസ്ഥാന യോഗ്യതയാക്കി പ്രത്യേകം സൃഷ്ടിച്ച് ഒരു ഒഴിവിലേക്ക് നിയമനം നടത്തിയെന്നാണ് ആക്ഷേപം ഉയരുന്നത്.

പരീക്ഷ കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞെങ്കിലും നിയമനം സംബന്ധിച്ച വിവരങ്ങള്‍ തേടുമ്പോള്‍ കൃത്യമായ വിവരം ആര്‍ജിസിബി നല്‍കുന്നില്ലെന്ന് പരീക്ഷയില്‍ പങ്കെടുത്ത ഉദ്യോഗാര്‍ഥികള്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 2021 ഡിസംബര്‍ എട്ടിനാണ് ടെക്‌നിക്കല്‍ ഓഫിസര്‍ ഉള്‍പ്പെടെ മൂന്ന് തസ്തികയിലേക്ക് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിക്കുന്നത്. ടെക്‌നിക്കല്‍ ഓഫിസര്‍ തസ്തികയിലേക്ക് മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബിടെകി മെക്കാനിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ബിരുദത്തില്‍ 60 ശതമാനം മാര്‍ക്കാണ് അടിസ്ഥാനയോഗ്യത നിശ്ചയിച്ചിരിക്കുന്നത്.

എംടെക് ഉള്ളവര്‍ക്ക് ഷോര്‍ട്‌ലിസ്റ്റില്‍ മുന്‍ഗണന നല്‍കുമെന്നും വ്യക്തമാക്കിയിരുന്നു. പിന്നോക്ക വിഭാഗത്തിനാണ് തസ്തിക സംവരണം ചെയ്തത്. മുന്‍കാലങ്ങളില്‍ ശാസ്ത്ര വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളളവരെ നിയമിച്ചിടത്താണ് ആദ്യമായി ബിടെക് യോഗ്യതയില്‍ നിയമനത്തിന് നീക്കം നടത്തിയത്.

അടിസ്ഥാന ശമ്പളം ഉള്‍പ്പെടെ എഴുപതിനായിരം രൂപ വരെയാണ് പരിശീലന കാലയളവില്‍ ലഭിക്കുന്നത്. ഹരികൃഷ്ണന്‍ കെ എസിനെ നിലവില്‍ വിദഗ്ധ പരിശീലനത്തിന് ഡല്‍ഹിയിലെ സാങ്കേതിക സ്ഥാപനത്തിലേക്ക് അയച്ചതായാണ് വിവരം. എന്നാല്‍, എല്ലാ ചട്ടങ്ങളും അനുസരിച്ച് മെറിറ്റ് അടിസ്ഥാനത്തിലാണ് നിയമനം നല്‍കിയതെന്നാണ് ആര്‍ജിസിബി നല്‍കിയ വിശദീകരണം.