ചെന്നൈ: അണ്ണാ ഡിഎംകെ അധികാര തര്‍ക്കത്തില്‍ വീണ്ടും അപ്രതീക്ഷിത മാറ്റം. മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ഇതോടെ ജൂലൈ 11ന് പളനിസ്വാമിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ എടുത്ത തീരുമാനങ്ങള്‍ വീണ്ടും പ്രാബല്യത്തിലായി. ഇപിഎസ് വീണ്ടും അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറിയായി. ഇരട്ട നേതൃത്വം റദ്ദാക്കിയ ജനറല്‍ കൗണ്‍സില്‍ തീരുമാനവും വീണ്ടും നിലവില്‍ വന്നു.

 ജൂലൈ 11ന് വാനഗരത്ത് ചേര്‍ന്ന ജനറല്‍ കൗണ്‍സിലില്‍ എടുത്ത എല്ലാ തീരുമാനങ്ങളും സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയതോടെ വീണ്ടും പ്രാബല്യത്തിലായി. മദ്രാസ് ഹൈക്കോടതി ജഡ്ജ് ഡി.ജയചന്ദ്രന്‍ പനീര്‍ശെല്‍വത്തിന് അനുകൂലമായി പുറപ്പെടുവിച്ച വിധിയാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.പനീര്‍ശെല്‍വം നല്‍കിയ ഹര്‍ജിയില്‍ ജനറല്‍ കൗൺസിലിന്‍റെ എല്ലാ തീരുമാനങ്ങളും റദ്ദാക്കി, ജൂണ് 23-ന് മുന്‍പുള്ള നില പാര്‍ട്ടിയില്‍ തുടരണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതോടെ ഒ.പനീര്‍സെല്‍വം പാര്‍ട്ടി കോ ഓഡിനേറ്ററായും എടപ്പാടി പളനിസാമി പാര്‍ട്ടിയുടെ സഹ കോര്‍ഡിനേറ്ററായും തുടരുന്ന അവസ്ഥ വന്നു.

എന്നാല്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കപ്പെട്ടതോടെ എടപ്പാടി കെ.പളനിസ്വാമി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി. പനീര്‍ശെല്‍വം പാര്‍ട്ടിക്ക് പുറത്തും. ഇതിലൂടെ പാര്‍ട്ടിയിലെ പ്രതിസന്ധി മറികടക്കാനും പളനിസ്വാമിക്കായി.